ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേനാ ചരക്കു വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യന്‍ വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു. കോക്പിറ്റില്‍ നടന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായും വ്യോമസേന അറിയിച്ചു. 

വിമാനം തകര്‍ന്നുവീണ സ്ഥലത്ത് പലയിടത്തായി ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ദുര്‍ഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയുമാണ് മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നതെന്ന് വ്യോമസേന വ്യക്തമാക്കി. വ്യോമ, കരസേനകളുടെ സംയുക്ത സംഘമാണ് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ചൊവ്വാഴ്ചയാണ് തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളും വിമാനത്തിലുണ്ടായിരുന്ന 13 പേരുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 13 വ്യോമസേനാ ഉദ്യോഗസ്ഥരാണ് എ എന്‍ 32 വിമാനത്തിലുണ്ടായിരുന്നത്. 

വ്യോമസേനാ വിങ് കമാന്‍ഡര്‍ ജി എം ചാള്‍സ്, സ്‌ക്വാഡ്രന്‍ ലീഡര്‍ എച്ച് വിനോദ്, ഫ്ലൈറ്റ് ലെഫ്റ്റനന്റുമാരായ ആര്‍ ഥാപ്പ, എ തന്‍വര്‍, എസ് മൊഹന്തി, എം കെ ഗാര്‍ഗ്, വാറന്റ് ഓഫീസര്‍ കെ കെ മിശ്ര, സര്‍ജെന്റ് അനൂപ് കുമാര്‍, കോര്‍പറല്‍ ഷെറിന്‍, എല്‍ എ സിമാരായ എസ് കെ സിങ്, പങ്കജ്, എന്‍ സി(ഇ)മാരായ പുതാലി, രാജേഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. 

തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയാണ് വിനോദ്. അനൂപ് കുമാര്‍ കൊല്ലം അഞ്ചല്‍ സ്വദേശിയും ഷെറിന്‍ കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശിയുമാണ്. ജൂണ്‍ മൂന്നിന് അസമിലെ ജോര്‍ഹട്ടില്‍നിന്ന് അരുണാചല്‍ പ്രദേശിലെ മേചുക വ്യോമതാവളത്തിലേക്ക് പുറപ്പെട്ട വിമാനം കാണാതാവുകയായിരുന്നു. പറന്നുയര്‍ന്ന് അരമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമായി.

Content Highlights: IAF An-32, operation underway to recover bodies, aircraft missing