ന്യൂഡൽഹി: കൊറോണ വ്യാപനം തടയാൻ പരിശ്രമിക്കുന്ന മാലദ്വീപിന് കൈത്താങ്ങുമായി ഇന്ത്യ. അടിയന്തര പ്രാധാന്യമുള്ള അവശ്യമരുന്നുകളും ആശുപത്രിയിലേക്കാവശ്യമുള്ള സാധനങ്ങളുമടങ്ങുന്ന 6.2 ടൺ അവശ്യവസ്തുക്കൾ വ്യോമസേന മാലദ്വീപിലേക്കെത്തിച്ചു. വ്യോമസേനയുടെ ചരക്ക് വിമാനമായ സി-130 വിമാനത്തിലാണ് ഇവ മാലദ്വിപിലേക്ക് കയറ്റി അയച്ചത്.

കോവിഡ്-19 പടരുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽനിന്ന് മാലദ്വീപിലേക്കുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായിരുന്നു. ആരോഗ്യരക്ഷക്കുള്ള മരുന്നുകൾ അടക്കമുള്ളവ ഇന്ത്യയിലെ എട്ട് വിവിധ വിതരണക്കാരിൽ നിന്നാണ് മാലദ്വീപ് വാങ്ങിയിരുന്നത്. ലോക്ക്ഡൗണിനെതുടർന്ന് ഇവർക്ക് നേരിട്ട് കയറ്റുമതി ചെയ്‌യാൻ സാധിക്കാതെ വന്നു. ഇതേതുടർന്നാണ് വ്യോമസേന സഹായവുമായെത്തിയത്.

ഓപ്പറേഷൻ സഞ്ജീവനി എന്നാണ് ഈ ദൗത്യത്തിന് വ്യോമസേന നൽകിയിരിക്കുന്ന പേര്. കരസേനയുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കിയത്. ഡൽഹി, മുംബൈ, ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നാണ് ഇത്രയും സാധനങ്ങൾ മാലദ്വീപിലേക്ക് കൊണ്ടുപോയത്.

ഇൻഫ്ളൂവെൻസ വാക്സിനുകൾ, ഇന്ത്യയിൽ കൊറോണ ചികിത്സയ്‍ക്കായി ഉപയോഗിക്കുന്ന ലോപിനാവിർ, റിടോനാവിർ തുടങ്ങിയ ആന്റി വൈറൽ മരുന്നുകൾ, കത്തീറ്ററുകൾ, നെബുലൈസർ, യൂറിൻ ബാഗുകൾ, ഇൻഫന്റ് ഫീഡിങ് ട്യൂബ്, ഹൃദ്രോഗം, ഹൈപ്പർ ടെൻഷൻ, രക്തസമ്മർദ്ദം, വൃക്ക രോഗങ്ങൾ, പ്രമേഹം, അലർജികൾ, കാൻസർ, സന്ധിവാതം എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകൾ തുടങ്ങിയവയാണ് മാലദ്വീപിലേക്ക് എത്തിച്ച് നൽകിയത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം 5.5 ടൺ അവശ്യ സാധനങ്ങൾ മാലദ്വീപിന് സമ്മാനിച്ചിരുന്നു. ഇതിന് പുറമെ 14 അംഗ വിദഗ്ധ സംഘത്തെയും സഹായത്തിനായി ഇന്ത്യ അയച്ചിരുന്നു. ഇതിനൊക്കെ പുറമെയാണ് പുതിയ സഹായം.

നേരത്തെ ഇന്ത്യ രണ്ട് ഹെലികോപ്റ്ററുകൾ മാലദ്വീപിന് നൽകിയിരുന്നു. ഇവയുപയോഗിച്ചാണ് ഇപ്പോൾ ഗുരുതരാവസ്ഥയിലായ രോഗികളെ ആശുപത്രികളിലേക്ക് മാറ്റുന്നത്.

Content Highlights:IAF airlifted critical medical supplies to Male 'Operation Sanjeevani'