ന്യൂഡല്‍ഹി: പഴക്കംചെന്ന മിഗ് യുദ്ധവിമാനങ്ങള്‍ക്ക് പകരമായി പുതിയ 120 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു. അമേരിക്ക യുടെ എഫ് -16, സ്വീഡനില്‍ നിന്നുള്ള ഗ്രിപ്പന്‍ എന്നീ വിമാനങ്ങളാണ് വ്യോമസേന സ്വന്തമാക്കുന്നതെന്നാണ് വിവരങ്ങള്‍. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി വിദേശ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മ്മിക്കാനാണ് നീക്കം. ഏതാണ്ട് 1.3 ലക്ഷം കോടിയുടെ ഇടപാടാണ്  നടക്കാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ ഉടന്‍തന്നെ വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടാകും. 

ഏഴുവര്‍ഷം മുമ്പുതന്നെ എഫ് 16, ഗ്രിപ്പന്‍ വിമാനങ്ങളില്‍ വ്യോമസേന വിശദമായി പരിശോധന നടത്തിയതാണ്. 126 മധ്യദൂര മള്‍ട്ടിറോള്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന്റെ ഭാഗമായിരുന്നു അത്. ഇപ്പോള്‍ അതിനെ മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാക്കാനാണ് തീരുമാനം. ഇതില്‍ ഏത് വിമാനമാകും സേനയുടെ ഭാഗമാകുക എന്നത് സംബന്ധിച്ച തീരുമാനം അവസാനവട്ട പരിശോധനകള്‍ക്ക് ശേഷം തീരുമാനമാകും.

ഏഴ് വര്‍ഷം മുമ്പ് നടത്തിയ പരിശോധന എഫ് -16, ഗ്രിപ്പന്‍ വിമാനങ്ങളെ ഒഴിവാക്കിയിരുന്നു. എഫ്-16 നെ പരിഷ്‌കരിക്കാന്‍ സാധിക്കില്ലെന്ന് കണ്ടാണ്  ഒഴിവാക്കിയത്. എന്നാല്‍ ഇപ്പോള്‍ ബ്ലോക്ക് 70 എന്ന പേരില്‍ ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് നിര്‍മാണ കമ്പനിയായ ജെനറല്‍ ഡൈനാമിക്സ് നിര്‍മിച്ചിട്ടുണ്ട്. അതേസമയം ഗ്രിപ്പന്‍ വിമാനത്തില്‍ അത്യാധുനിക റഡാര്‍ സംവിധാനം (എഇഎസ്എ) ഇല്ലായിരുന്നു. ഇപ്പോള്‍ ഇതില്‍ അവ ഉള്‍പ്പെടുത്താന്‍ സ്വീഡിഷ് എയ്റോസ്പെയ്സ് തയ്യാറായിട്ടുണ്ട്.

അടുത്ത വര്‍ഷത്തിനുള്ളില്‍ ഏത് കമ്പനിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകുമെന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് വ്യോമസേന പറയുന്നത്. വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായിരുന്ന റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണ് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്. 2025 ഓടെ ഇവയെ സേനയില്‍ നിന്ന് ഒഴിവാക്കേണ്ടി വരും.