ന്യൂഡല്‍ഹി: മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്ത സംഭവത്തില്‍ നര്‍മം കലര്‍ന്ന മറുപടിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. മുമ്പ് ജയിലില്‍ കിടന്ന അനുഭവമില്ലാത്തതിനാല്‍ ജയില്‍ വാസം സന്തോഷത്തോടെ സ്വീകരിക്കുമെന്ന് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജയിലിലേക്ക് അയക്കുകയാണെങ്കില്‍ പോകാന്‍ എനിക്ക് ഒരു മടിയുമില്ല. മുമ്പ് ജയിലില്‍ കിടന്ന അനുഭവമില്ല. ഇനി ആരെങ്കിലും ജയിലിലേക്കയക്കാന്‍ പദ്ധതിയിട്ടാല്‍, ഞാന്‍ അത് സ്വാഗതം ചെയ്യുന്നു- പവാര്‍ വ്യക്തമാക്കി.

മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 25000 കോടി രൂപ ലോണ്‍ അനുവദിച്ചതില്‍ തട്ടിപ്പ് കണ്ടെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എഫ് ഐ ആറില്‍ ശരദ് പവാറിന്റേയും മരുമകന്‍ അജിത് പവാറിന്റേയും പേര് പരാമര്‍ശിച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ പവാറിനെ കുടുക്കാനുള്ള നീക്കമാണ് ഇതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തന്റെ പേര് പരാമര്‍ശിച്ചതില്‍ നേരത്തേ എന്‍ഫോഴ്‌സ്‌മെന്റിന് അദ്ദേഹം നന്ദി പറഞ്ഞിരുന്നു. സഹകരണ ബാങ്കില്‍ താന്‍ അംഗമല്ലെന്നും തീരുമാനമെടുക്കുന്ന സമിതിയില്‍ താന്‍ പ്രതിനിധിയല്ലെന്നും അദ്ദേഹം നേരത്തേ വ്യക്തമാക്കിയിരുന്നു.

Content highlights: I would be "pleased" to go to jail as he had "never experienced it says Sharad Pawar