ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. താന്‍ മത്സരിക്കുമെന്നത് വെറും വാസ്തവ വിരുദ്ധമായ പ്രചാരണമാണെന്ന് അദ്ദേഹം പ്രതികരിച്ചു. 

ബിജെപിക്ക് മൂന്നുറിലധികം എംപിമാരുള്ള സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് താന്‍ മത്സരിച്ചാലുള്ള ഫലം എന്താവുമെന്ന് എനിക്കറിയാം. മത്സരിക്കാനില്ലെന്നും, താന്‍ മത്സരിക്കുമെന്നത് തെറ്റായ പ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തതോടെ സര്‍വസമ്മതനായ ഒരു നേതാവിനെ സ്ഥാനാര്‍ഥി ആയി നിര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിനെ പ്രതിപക്ഷ ഐക്യത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ബംഗാള്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ പശ്ചാത്തലത്തില്‍ ശരദ് പവാര്‍ തന്നെയാവും രാഷ്ട്രപതി സ്ഥാനാര്‍ഥിയെന്ന ചര്‍ച്ചകളും സജീവമായി. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടുകളെ തള്ളി ശരദ് പവാര്‍ തന്നെ രംഗത്തെത്തിയത്. 

Content Highlights:  I will not be a candidate for the Presidential election: NCP chief Sharad Pawar