എൻ.വി. രമണ| Photo: ANI
ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. എന്നാല്‍ വിധി തനിക്കായി കാത്തുവെച്ചിരുന്നത് മറ്റൊന്നായിരുന്നുവെന്നും ജഡ്ജിയായതില്‍ ഒട്ടും ഖേദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒരു ജഡ്ജിയായി സേവനമനുഷ്ഠിക്കാനുള്ള അവസരം വളരെ വെല്ലുവിളികളോടെയാണ് വന്നത്, പക്ഷേ ഒരു ദിവസം പോലും ഞാന്‍ ഖേദിച്ചിട്ടില്ല. ഇത് തീര്‍ച്ചയായും ഒരു സേവനമല്ല, ഒരു വിളിയാണ്' ചീഫ് ജസ്റ്റിസ് പറഞ്ഞു. റാഞ്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് സറ്റഡി ആന്‍ഡ് റിസര്‍ച്ചില്‍ നടന്ന പരിപാടിയില്‍ 'ജഡ്ജിയുടെ ജീവിതം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രഭാഷണത്തിനിടെ അദ്ദേഹം തന്റെ ജീവിതത്തെ കുറിച്ച് സംസാരിച്ചു.
'ഒരു ഗ്രാമീണ കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഏഴാം ക്ലാസിലോ എട്ടിലോ പഠിക്കുന്ന സമയത്താണ് ഇംഗ്ലീഷ് അഭിമുഖീകരിക്കുന്നത്. പത്താം ക്ലാസ് പാസായത് വലിയ നേട്ടമായി കണ്ടു. എന്റെ പിതാവിന്റെ പ്രോത്സാഹനത്തില്‍ ബി.എസ്.സി ബിരുദം നേടുകയും ഒടുവില്‍ നിയമ ബിരുദവും കരസ്ഥമാക്കി. വിജയവാഡയിലുള്ള ഒരു മജിസ്ട്രേറ്റ് കോടതിയിലാണ് എന്റെ പ്രാക്ടീസ് ആരംഭിച്ചത്. കുറച്ച് മാസങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. വീണ്ടും പിതാവിന്റെ പ്രോത്സാഹനം, ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനായി ഹൈദരബാദിലേക്ക് മാറി. എന്നിലുള്ള വിശ്വാസം വളര്‍ത്തികൊണ്ട് തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഇത്. ജഡ്ജിയാകാനുള്ള അവസരം കിട്ടിയപ്പോഴേക്കും ഞാന്‍ നല്ല ശീലം സ്ഥാപിച്ചിരുന്നു. താലൂക്ക് തലത്തിലുള്ള കോടതികള്‍ മുതല്‍ സുപ്രീം കോടതി വരെ ഉയര്‍ന്ന വിഷയങ്ങളില്‍ ഞാന്‍ ഹാജരായിട്ടുണ്ട്. എന്റെ സംസ്ഥാനത്തിന്റെ അഡ്വാക്കറ്റ് ജനറലായും എന്നെ നിയമിച്ചു. സജീവ രാഷ്ട്രീയത്തില്‍ ചേരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ വിധി മറ്റൊന്നായി. ഞാന്‍ കഠിനാധ്വാനം ചെയ്ത് നേടിയത് ഉപേക്ഷിക്കാനുള്ള തീരുമാനം ഒട്ടും എളുപ്പമായിരുന്നില്ല' എന്‍.വി.രമണ പറഞ്ഞു.
വര്‍ഷങ്ങളായി അദ്ദേഹം തന്റെ കരിയറും ജീവിതവും ജനങ്ങളാല്‍ ചുറ്റിപ്പറ്റിയാണ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ ബെഞ്ചില്‍ ചേര്‍ന്ന ശേഷം ഒരാള്‍ക്ക് തന്റെ സാമൂഹിക ബന്ധങ്ങള്‍ ഉപേക്ഷിക്കേണ്ടിവരും
വര്‍ഷങ്ങളോളം ജനങ്ങള്‍ക്കൊപ്പം ഒരുമിച്ച ശേഷം ഒറ്റപ്പെടലിലും സാമൂഹിക അകല്‍ച്ചയിലുമാണ് ഒരു ജഡ്ജിയുടെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.
'സമൂഹത്തിലെ പലരും വിചാരിക്കുന്നത് പോലെ ജഡ്ജിയായുള്ള ജീവിതം വളരെ സുഗമമായതല്ല. വാരാന്ത്യത്തിലും അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടതുകൊണ്ട് ജഡ്ജിമാര്‍ പലപ്പോഴും ജീവിതത്തിലെ പല സന്തോഷ നിമിഷങ്ങളും നഷ്ടപ്പെടും. വളരെ പ്രധാനപ്പെട്ട കുടുംബ ചടങ്ങുകള്‍ വരെ ഇത്തരത്തില്‍ നഷ്ടമാകും. ദിവസങ്ങളോളം ഒരുമിച്ച് കാണാന്‍ കഴിയാതെ വന്നതിന് ശേഷം എന്റെ കൊച്ചുമക്കള്‍ എന്നെ തിരിച്ചറിയുമോ എന്ന് ചിലപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടിരുന്നു. എല്ലാ ആഴ്ചയിലും നൂറിലധികം കേസുകള്‍ക്ക് തയ്യാറെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. പുതിയ വാദങ്ങള്‍ കേള്‍ക്കണം, സ്വതന്ത്രമായ ഗവേഷണം നടത്തണം, വിധിന്യായങ്ങള്‍ തയ്യാറാക്കണം. അതേസമയം തന്നെ ഒരു ജഡ്ജിയുടെ, പ്രത്യേകിച്ച് ഒരു മുതിര്‍ന്ന ജഡ്ജിയുടെ വിവിധ ഭരണപരമായ ചുമതലകള്‍ കൈകാര്യം ചെയ്യുകയും വേണം. രേഖകളും പുസ്തകങ്ങളും വായിക്കുന്നതിനും അടുത്ത ദിവസം ലിസ്റ്റ് ചെയ്യേണ്ട നോട്ടുകള്‍ തയ്യാറാക്കുന്നതിനും ഞങ്ങള്‍ മണിക്കൂറുകളാണ് ചെലവഴിക്കുന്നത്' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജുഡീഷ്യല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത, ജുഡീഷ്യല്‍ അഡ്മിനിസ്ട്രേഷനില്‍ മാധ്യമ വിചാരണ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, ഭരണഘടനാ സംരക്ഷണത്തില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ പ്രാധാന്യം, ജുഡീഷ്യറിയുടെ ഭാവി വെല്ലുവിളികള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ചീഫ് ജസ്റ്റിസ് തന്റെ പ്രസംഗത്തില്‍ സ്പര്‍ശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..