ന്യൂഡൽഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യപ്പെട്ട ബോളിവുഡ് താരം ദീപിക പദുകോണിന്റെ രാഷ്ട്രീയ ചായ് വ്‌ എന്താണെന്ന് തനിക്കറിയണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡൽഹിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോണ്‍ക്ലേവിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.

"ദീപിക പദുകോണിന്റെ രാഷ്ട്രീയചായ് വ്‌ എന്താണെന്ന് എനിക്ക് അറിയണം. അവര്‍ എന്തുകൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം നിലകൊണ്ടു എന്നത് വാര്‍ത്ത വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം ദീപിക നിന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമായ കാര്യമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ നിഷേധിക്കുന്നുമില്ല",സ്മൃതി ആരോപിച്ചു.

2011ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതുമുതല്‍ ദീപികയുടെ രാഷ്ട്രീയ ചായ്‌വ് അവര്‍ വെളിപ്പെടുത്തിയതാണ്. ജനം ഇതില്‍ അത്ഭുതപ്പെടുന്നത് അവര്‍ക്ക് അതറിയാത്തതുകൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ദീപികയുടെ ധാരാളം ആരാധകര്‍ ഇന്നവരുടെ നിലപാട് തിരിച്ചറിഞ്ഞെന്നും ഇന്ത്യയെ നശിപ്പിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ നിലകൊണ്ടതെന്ന് അറിയുന്നവളാണ് ദീപികയെന്നും സ്മൃതി ഇറാനി കുറ്റപ്പടുത്തി. 

ജനുവരി അഞ്ചിനാണ് ജെഎന്‍യുവില്‍ മുഖം മൂടി ധരിച്ചെത്തിയ ആക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ ആക്രമണമഴിച്ചുവിട്ടത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്നുണ്ടായ പ്രതിഷേധ സമരത്തിലാണ് ദീപിക പങ്കെടുത്തത്. സമരത്തിനെത്തിയ ദീപിക ഐഷി ഘോഷുമായി സംസാരിച്ചു. അതിനു ശേഷം ദീപികക്കെതിരേയും അവരുടെ പുതിയ സിനിമയായ ഛപാക്കിനെതിരേയും വലിയ നെഗറ്റീവ് കാമ്പയിനാണ് സമൂഹമാധ്യമങ്ങളിലൂടെ ബിജെപിക്കാര്‍ അഴിച്ചുവിട്ടത്.

content highlights: I want to know Deepika Padukone's political affiliation, says Smriti Irani