വീഡിയോയിൽ നിന്ന്
കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ അധികാരമേറ്റതിനു പിന്നാലെ സ്ത്രീകളുടെ പല അവകാശങ്ങളും ഹനിക്കപ്പെടുകയാണ്. വസ്ത്രധാരണത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങള്‍ക്കായി അഫ്ഗാന്‍ സ്ത്രീകള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ കാമ്പയിനുകൾ ആരംഭിച്ചിരിക്കുന്നു. കാബൂളിലേതടക്കം പല സ്‌കൂളുകളും ഒരു മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. തുറന്നുപ്രവര്‍ത്തിക്കാന്‍ ആരംഭിച്ച സര്‍വകലാശാലകള്‍ താലിബാന്റെ കര്‍ശന നിബന്ധനകള്‍ പിന്തുടരുന്നു. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കുന്നതിന് പോലും താലിബാന്‍ വിലക്കേര്‍പ്പെടുത്തി.
എന്നാല്‍ ഒരു മാസത്തിനുശേഷം സ്‌കൂളുകളും മദ്രസകളും തുറക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് താലിബാന്‍ നയിക്കുന്ന അഫ്ഗാനിസ്താൻ സര്‍ക്കാര്‍. ഹൈസ്‌കൂള്‍, മിഡില്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് തിരിച്ചുവരാമെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. പെണ്‍കുട്ടികള്‍ വരുന്നതിനെ കുറിച്ച് യാതൊരു വിധത്തിലുള്ള പരാമര്‍ശവും പ്രസ്താവനയില്‍ ഇല്ല. ഇതിനെതിരേ വിദ്യാര്‍ഥികള്‍ പ്രതിഷേധ കാമ്പയിനുകൾ ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും സ്‌കൂളിലെത്തി പഠിക്കാനുള്ള അനുമതി കൊടുക്കണമെന്ന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ ആവശ്യപ്പെടുന്നു. പ്ലക്കാര്‍ഡുകളുയര്‍ത്തി പരസ്യമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകനായ ബിലാല്‍ സര്‍വാരി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കേണ്ടുന്നതിനെ കുറിച്ച് പെണ്‍കുട്ടി ശക്തമായ ഭാഷയില്‍ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. 'പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്നത് രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള അവസരം നല്‍കുകയാണ്. അള്ളാഹു സ്ത്രീകള്‍ക്കും പുരുഷനും തുല്യമായ അവകാശമാണ് നല്‍കുന്നത്. ഞങ്ങളുടെ ആ അവകാശം ഇല്ലാതാക്കാന്‍ താലിബാന്‍ ആരാണ്? ഇന്നത്തെ പെണ്‍കുട്ടികളാണ് നാളത്തെ അമ്മമാര്‍. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ലെങ്കില്‍ അവരുടെ മക്കളെ ആരാണ് നല്ല മര്യാദകള്‍ പഠിപ്പിക്കുക. ഞാന്‍ പുതിയ തലമുറയിലെ ആളാണ്. ഭക്ഷണം കഴിക്കാനും ഉറങ്ങാനും സുഖമായി ജീവിക്കാനും മാത്രമല്ല ഞാന്‍. എനിക്കും സ്‌കൂളില്‍ പോകണം. രാജ്യത്തിന്റെ വികസനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം. വിദ്യാഭ്യാസമില്ലാതെ ഒരു രാജ്യം വികസിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ? വിദ്യാഭ്യാസമില്ലെങ്കില്‍ ഈ ലോകത്ത് ഞങ്ങള്‍ക്ക് ഒരു വിലയുമുണ്ടാവില്ല.' പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു.
ബിലാല്‍ സര്‍വാരി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പെണ്‍കുട്ടിയെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുന്നത്. ഏറ്റവും ശക്തമായ വാക്കുകള്‍ എന്നാണ് വീഡിയോ പങ്കുവെച്ച് ഒരാള്‍ കുറിച്ചത്. ഈ പെണ്‍കുട്ടി ധൈര്യവതിയാണ്. ബുദ്ധിയേയും സ്ത്രീകളേയും ഭയപ്പെടുന്നവരാണ് ഭീരുക്കള്‍ എന്ന് മറ്റൊരാള്‍ കുറിച്ചു.
പെണ്‍കുട്ടിയുടെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുകയാണ്. അരലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
Content Highlights: Afghan Girl's Speech Moves The Internet, Taliban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..