Nupur Sharma | Photo: Manvender Vashist/ PTI
ന്യൂഡല്‍ഹി: ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് നൂപുര്‍ ശര്‍മ. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നൂപുര്‍ ശര്‍മ, തന്റെ വിശ്വാസത്തെ മുറിവേല്പിച്ചപ്പോള് പരാമര്‍ശം നടത്തിയതാണെന്നും വിശദീകരിച്ചു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ പറഞ്ഞു.
നേരത്തെ, വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയായിരുന്നു ബി.ജെ.പിയുടെ നടപടി.
നേരത്തെ, നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. 'ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നു', ബി.ജെ.പി. പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് നൂപുര്‍ ശര്‍മ, പ്രവാചകന് മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരേ മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..