ന്യൂഡല്‍ഹി: കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം പാര്‍ട്ടി ഫണ്ടിലേക്കെത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിനാണ് നോട്ടീസ്. 

അടിസ്ഥാന സൗകര്യമേഖലയില്‍ നിര്‍മാണങ്ങള്‍ നടത്തുന്ന കമ്പനിയാണ് സംശയ നിഴലില്‍ നില്‍ക്കുന്നത്. അടുത്തിടെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഈ കമ്പനി 170 കോടിയോളം രൂപ ഹവാല ഇടപാട് വഴി കോണ്‍ഗ്രസിന് നല്‍കിയതായുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് തട്ടിയെടുത്തതാണ് ഈ തുകയെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ തുകയാണ് ഇത്തരത്തില്‍ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് കമ്പനി തട്ടിയെടുത്തതെന്നാണ് വിവരം. കമ്പനിയില്‍ നിന്ന് ഹവാല ഇടപാടിലൂടെ കോണ്‍ഗ്രസിന് പണം നല്‍കിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെ നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് നവംബര്‍ നാലിന് ഹാജരാകണമെന്ന് കാട്ടി സമന്‍സ് അയച്ചിരുന്നെങ്കിലും നേതാക്കള്‍ ഹാജരായിരുന്നില്ല.

Content Highlights: I-T raid found Hyd firm sent Congress 170 crore hawala money,  Congress gets I-T show cause notice