ന്യൂഡല്‍ഹി:  ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ തീവ്രവാദ സംഘടനയായ ഐഎസ് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായി ഡല്‍ഹി പോലീസ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഐഎസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതെന്നും ഡല്‍ഹി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

മഹാരാഷ്ട്ര,കേരളം,കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറയുന്നു.

ഐഎസുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയെക്കുറിച്ച് അന്വേഷിക്കാനായി ഗുജറാത്ത്,തമിഴ്‌നാട്,കേരളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് അന്വേഷണ സംഘത്തെ അയിച്ചിട്ടുണ്ടെന്നും റിപ്പോട്ടുകളുണ്ട്. 

സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരാള്‍ ഗുജറാത്തില്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്യും. 

കേരള തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന ഷമീം, തൗഫിഖ് എന്നിവരെ പിടികൂടാനും ഡല്‍ഹി പോലീസ് ഊര്‍ജ്ജിതമായി ശ്രമിക്കുന്നുണ്ട്. 

തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരില്‍ അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്യാനായി ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Content Highlight: I S spreading network in southern states