ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന്‍ ദൗത്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിമര്‍ശം ഉന്നയിക്കുന്നവര്‍ക്ക് എതിരായ പരാമര്‍ശങ്ങളും ഓപ്പണ്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം നടത്തി. കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉത്പാദിപ്പിക്കാത്ത സാഹചര്യം സങ്കല്‍പ്പിക്കൂ. എന്തായിരിക്കും അവസ്ഥ. ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമല്ല എന്നകാര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ഇന്ത്യ സ്വയം പര്യാപ്തമായതുകൊണ്ടാണ് വാക്‌സിനേഷന്‍ ദൗത്യം വിജയിച്ചത്.

കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ സമയം കണ്ടെത്താന്‍ കഴിയാത്തവരാണ് വിമര്‍ശം ഉന്നയിക്കുന്നത്. ശരിയായ പഠനം നടത്തിയിട്ടുവേണം വിമര്‍ശം ഉന്നയിക്കാന്‍. ''സത്യസന്ധമായി ഞാന്‍ പറയട്ടെ, വിമര്‍ശകരെ ഞാന്‍ വളരെയധികം ബഹുമാനിക്കുന്നു. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ വിമര്‍ശകരുടെ എണ്ണം വളരെ കുറവാണ്. മിക്കപ്പോഴും ആളുകള്‍ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോ ധാരണകളുടെ അടിസ്ഥാനത്തില്‍ നാടകം കളിക്കുന്നവരാണ് അധികവും. അതിന്റെ കാരണം എന്താണെന്നുവച്ചാല്‍ വിമര്‍ശം ഉന്നയിക്കുന്നതിനു മുമ്പ് ഒരാള്‍ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. വിമര്‍ശം ഉന്നയിക്കുന്ന വിഷയത്തില്‍ ധാരാണം ഗവേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, അതിവേഗം മുന്നോട്ടു നീങ്ങുന്ന ഇന്നത്തെ ലോകത്തില്‍ പലര്‍ക്കും അതിനൊന്നും സമയം കിട്ടാറില്ല. അതുകൊണ്ടുതന്നെ പലപ്പോഴും എനിക്ക് വിമര്‍ശകരെ നഷ്ടപ്പൈറുണ്ട്.

വാക്‌സിനേഷന്‍ ദൗത്യത്തെപ്പറ്റി മനസിലാക്കുന്നതിന് അതുസംബന്ധിച്ച ആസൂത്രണം, ഓരോ സ്ഥലത്തും എത്തിക്കല്‍, മറ്റുപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയൊരു വിഭാഗം ആളുകളുടെ ഏകോപനം ശ്രമകരമാണ്. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യം വന്‍ വിജയമാക്കിയവരുടെ പരിശ്രമങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഇനിയും സമയം വേണ്ടിവരും'' - അദ്ദേഹം പറഞ്ഞു.

ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍ എന്ന മുദ്രാവാക്യത്തില്‍നിന്ന് വീണ്ടും മുന്നോട്ടു പോകേണ്ട സമയമായി. ജയ് ജവാന്‍, ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ (ഗവേഷണം) എന്നതാവണം പുതിയ മുദ്രാവാക്യം. ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. 2020 മെയ് മാസത്തിലാണ് വാക്‌സിനേഷന്‍ ദൗത്യം സംബന്ധിച്ച ആലോചനകള്‍ ആദ്യമായി രാജ്യത്ത് തുടങ്ങിയത്. ആ സമയത്ത് ലോകത്ത് ഒരിടത്തും കോവിഡ് വാക്‌സിന്‍ അന്തിമ അനുമതി ലഭിക്കുന്ന ഘട്ടത്തിന് അടുത്തെത്തിയിട്ടില്ല. ജനങ്ങള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ കുത്തിവെക്കാന്‍ ദശാബ്ദങ്ങളെടുക്കുന്ന പഴയ ശൈലി സ്വീകരിക്കാനാവില്ലെന്ന് ആദ്യം തന്നെ തീരുമാനമെടുത്തു.

വാക്‌സിനേഷന്‍ അതിവേഗം, വിവേചനരഹിതമായി, സമയ ബന്ധിതമായി നടപ്പാക്കണമെന്ന തീരുമാനമെടുത്തു. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി പാവപ്പെട്ടവര്‍ക്ക് ഇപ്പോള്‍ ദീര്‍ഘകാലം കാത്തിരിക്കുകയോ കൈക്കൂലി നല്‍കുകയോ ചെയ്യേണ്ട ആവശ്യമില്ല. പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ സ്വന്തം ഗ്രാമത്തില്‍നിന്ന് എടുത്താലും അടുത്ത ഡോസ് അദ്ദേഹം ജോലി ചെയ്യുന്ന നഗരത്തില്‍നിന്ന് കുത്തിവെക്കാനാവും.

എല്ലാവര്‍ക്കും ശരിയായ സമയത്ത് ശരിയായ വാക്‌സിന്‍ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ലോകത്തെ മുഴുവന്‍ സാഹചര്യം കണക്കിലെടുക്കാല്‍, പല വികസ്വര രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ വാക്‌സിനേഷന്‍ ദൗത്യം ദൗത്യം നടപ്പാക്കാന്‍ നമുക്ക് കഴിഞ്ഞുവെന്ന് കാണാന്‍ കഴിയും. എന്നാല്‍ രാജ്യത്തിന് സത്‌പേര് മോശമാക്കുക എന്നതാണ് ചില സ്ഥാപിത താത്പര്യക്കാരുടെ ലക്ഷ്യം. കോവിഡ് മഹാമാരി എല്ലാ രാജ്യങ്ങളെയും ഒരേ രീതിയിലാണ് ബാധിച്ചത്. എന്നാല്‍ പല വികസ്വര രാജ്യങ്ങളെക്കാളും മെച്ചപ്പെട്ട രീതിയില്‍ നമുക്ക് കോവിഡിനെ നേരിടാന്‍ കഴിഞ്ഞു. വിമര്‍ശനങ്ങളെയെല്ലാം അതിജീവിക്കാന്‍ കഴിഞ്ഞു.

2014 ല്‍ ആറ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 22 എണ്ണത്തിന്റെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. 2014 ല്‍ 380 മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നുള്ളത്. 560 എണ്ണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlights: I respect critics.. but unfortunately  ..PM Modi