മമത ബാനർജി, അമിത് ഷാ | Photo: PTI
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍വച്ച് ആക്രമിക്കപ്പെട്ടതില്‍ ഗൂഢാലോചനയുണ്ടെന്ന മമതാ ബാനര്‍ജിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് അമിത് ഷാ. ബങ്കുരയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് മമതയുടെ ആരോപണങ്ങളെ തള്ളി ഷാ രംഗത്തെത്തിയത്.
'മമതയ്ക്ക് കാലില്‍ പരിക്കേറ്റിരിക്കുന്നു, അത് എങ്ങനെ ഉണ്ടായെന്ന് കൃത്യമായി അറിയില്ല. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ അപകടം ബോധപൂര്‍വമുള്ള ആക്രമണം അല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 'ദീദി, നിങ്ങള്‍ വീല്‍ചെയറില്‍ അങ്ങോട്ടും ഇങ്ങോട്ടും ചുറ്റിത്തിരിയുന്നു. നിങ്ങളുടെ കാലുകളെ പറ്റി ആശങ്കപ്പെടുന്നു. എന്നാല്‍ ബംഗാളില്‍, നിങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ സഘര്‍ഷങ്ങളില്‍ ഞങ്ങളുടെ 130 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നു, അവരുടെ അമ്മമാരെ പറ്റി നിങ്ങള്‍ ആലോചിക്കുന്നുണ്ടോ, ആ വേദന നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? സ്വന്തം കാലിന്റെ വേദനയെക്കുറിച്ച് മാത്രമേ നിങ്ങള്‍ക്കറിയൂ' - തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ ഷാ പറഞ്ഞു.
''ഇന്ന് ഞാന്‍ തിരഞ്ഞെടുപ്പ് പരിപാടിക്കെത്തിയത് അല്‍പം വൈകിയാണ്. എനിക്ക് സഞ്ചരിക്കേണ്ടിയിരുന്ന ഹെലികോപ്ടറിന് തകരാറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതും ഒരു ഗൂഢാലോചനയാണെന്ന് ഞാന്‍ പറയില്ല. നിങ്ങള്‍ പെട്ടന്ന് സുഖപ്പെടാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു, അതേസമയം ബംഗാളില്‍ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രവര്‍ത്തകരെക്കൂടി നിങ്ങള്‍ ഓര്‍ത്തിരുന്നെങ്കില്‍ നല്ലതായിരിക്കും'' - ഷാ കൂട്ടിച്ചേര്‍ത്തു.
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു മടങ്ങുന്നതിനിടെയാണ് മമത ബാനര്‍ജിയുടെ കാലില്‍ പരിക്കേറ്റത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു മമതയുടെ ആരോപണം. കാലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മമത ബാനര്‍ജി ഡിസ്ചാര്‍ജിന് ശേഷം വീല്‍ചെയറില്‍ തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്. ജനങ്ങളുടെ വേദന തന്റെ വേദനയേക്കാള്‍ വലുതാണെന്നായിരുന്നു തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമത പറഞ്ഞത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍നിന്ന് താന്‍ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
അതേസമയം സഹതാപം പിടിച്ചുവാങ്ങാനുള്ള മമതയുടെ തന്ത്രമാണ് ഇതെന്നായിരുന്നു ബിജെപി പ്രതികരണം.
Content Highlights: I Pray You Get Well Soon, But...": Amit Shah On Mamata Banerjee's Injury


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..