ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വം നേടുന്നതിനായി നേതാക്കള്‍ പല അവകാശവാദങ്ങളും ഉന്നയിക്കാറുണ്ട്. മുന്‍കാല ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജനപിന്തുണയുമെല്ലാം ചൂണ്ടിക്കാട്ടി ടിക്കറ്റിനായി സ്വന്തം പാര്‍ട്ടിയോട് വിലപേശാറുമുണ്ട്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതാവ് ബില്ല സുധീര്‍ റെഡ്ഡിയുടെ അവകാശവാദം ഇതിനെയെല്ലാം കവച്ചുവെക്കുന്നതായിരുന്നു. പാര്‍ട്ടിയിലെ ഏറ്റവും സീനിയറായ റൗഡിയാണു താനെന്നും അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹതയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ വാദം.
മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ സുധീര്‍ റെഡ്ഡി നടത്തിയ അവകാശവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെയത്രയും ക്രിമിനല്‍ കേസുകള്‍ നേരിടുന്ന മറ്റൊരാള്‍ പാര്‍ട്ടിയിലില്ലെന്നും ഒരു സീനിയര്‍ റൗഡി എന്ന നിലയില്‍ തനിക്ക് സ്ഥാനാര്‍ഥിത്വത്തിന് അര്‍ഹതയുണ്ടെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിനു മുന്നില്‍ അദ്ദേഹം അവകാശപ്പെടുന്നത്.
കോണ്‍ഗ്രസില്‍നിന്ന് ഒരു റൗഡിക്ക് സ്ഥാനാര്‍ഥിത്വം നല്കുന്നുണ്ടെങ്കില് അതു താന്‍ തന്നെയായിരിക്കും. ഭൂമി തട്ടിയെടുക്കലിനോ കലാപത്തിനോ സാമ്പത്തിക തട്ടിപ്പിനോ തനിക്കെതിരെ കേസൊന്നുമില്ല. താന്‍ കാരണം ഒരു കുടുംബവും തകര്‍ന്നിട്ടില്ല. പാര്‍ട്ടിക്കുവേണ്ടിയാണ് ഒരു റൗഡിയായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്നിട്ടുള്ള അനീതികള്‍ക്കെതിരെ പ്രതികരിച്ചതിനാണ് തനിക്ക് റൗഡി പട്ടം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാന്‍ സാധ്യതയുള്ള ജംഗ രാഘവ റെഡ്ഡിയെ മറികടന്ന് സ്ഥാനാര്‍ഥിത്വം നേടാനാണ് സുധീര്‍ റെഡ്ഡിയുടെ ശ്രമം. താന്‍ രാഘവ റെഡ്ഡിയെ പോലെയല്ലെന്നും അയാളെപ്പോലെ വാടകക്കൊലപാതകങ്ങളൊന്നും നടത്തിയിട്ടില്ലെന്നും സുധീര്‍ റെഡ്ഡി പറഞ്ഞു. തന്നെ അപേക്ഷിച്ച് രാഘവ റെഡ്ഡി ഒരു ജൂനിയര്‍ റൗഡി മാത്രമാണെന്നും അദ്ദഹം വ്യക്തമാക്കുന്നു.
Content Highlights: 'I'm Senior Rowdy, I Deserve Ticket, Telangana Congress, election 2018, Billa Sudheer Reddy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..