ന്യൂഡല്‍ഹി:  അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കുമെന്ന ഊഹാപോഹങ്ങള്‍ നിഷേധിച്ച് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയ്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആയേക്കുമെന്ന്‌ കോണ്‍ഗ്രസ് നേതാവും മുന്‍ അസം മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് പ്രസ്താവന നടത്തിയിരുന്നു. 

എന്നാല്‍ താനൊരു രാഷ്ട്രീയക്കാരനല്ല. അത്തരമൊരു ആഗ്രഹമോ ഉദ്ദേശമോ ഇല്ല. വാഗ്ദാനങ്ങളുമായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രഞ്ജന്‍ ഗൊഗോയ് പ്രതികരിച്ചു. രാജ്യസഭയിലെക്ക് രാഷ്ട്രപതിയാണ്‌ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്തത്‌.

രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആളും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആളും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ മനസിലാക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശം സ്വീകരിച്ചത് ബോധപൂര്‍വമാണെന്നും അതിലുടെ സ്വതന്ത്രമായി വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കും. അങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് താനൊരു രാഷ്ട്രീയക്കാരനായി മാറുന്നതെന്നും അദ്ദേഹം ചോദിച്ചു. 

ഓഗസ്റ്റ് 22നാണ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ തരുണ്‍ ഗൊഗോയ് ആരോപണം ഉന്നയിച്ചത്. മുന്‍ ചീഫ് ജസ്റ്റിസിന് രാജ്യസഭയിലേക്ക് പോകാനാകുമെങ്കില്‍ അദ്ദേഹം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനും തയ്യാറാകുമെന്നും തരുണ്‍ ഗൊഗോയ് പരിഹസിച്ചിരുന്നു.