കൊല്‍ക്കത്ത: ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാളില്‍ നടത്തുന്ന റോഡ് ഷോയില്‍ വന്‍ ജനസാന്നിധ്യം. നിരവധി റോഡ്‌ഷോകള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു ജനക്കൂട്ടത്തെ ആദ്യമായി കാണുകയാണെന്ന് ബംഗാളിലെ ബോള്‍പൂരില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

'ഇത് നരേന്ദ്ര മോദിയോടുള്ള സ്‌നേഹവും വിശ്വാസവുമാണ്. നിരവധി റോഡ് ഷോകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. പലതും ചെയ്തിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഈ അടുത്ത വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഇത് മോദിയോടുള്ള നിങ്ങളുടെ സ്‌നേഹവും ദീദിയോടുള്ള നിങ്ങളുടെ ക്ഷോഭവുമാണ് പ്രതിഫലിപ്പിക്കുന്നത്' - ഷാ പറഞ്ഞു. ഒരു തവണ മോദിക്ക് അവസരം നല്‍കൂ, അഞ്ചു വര്‍ഷം കൊണ്ട് സുവര്‍ണ്ണ ബംഗാള്‍ സൃഷ്ടിച്ച് തരാമെന്നും അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.

മറ്റു ബിജെപി നേതാക്കള്‍ക്കൊപ്പം ഒരു ബംഗാളി നാടോടി ഗായകന്റെ വീട്ടിലാണ് അമിത് ഷാ ഇന്ന് ഉച്ചഭക്ഷണം കഴിച്ചത്. ഉച്ചഭക്ഷണത്തിന് മുമ്പായി അദ്ദേഹം വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ബിദ്യുത് ചക്രബര്‍ത്തിയുമായും മറ്റും കൂടിക്കാഴ്ച നടത്തി. സര്‍വകലാശാലയിലെ സംഗീത ഭവനില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്.  പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശുഭേന്ദു അധികാരിയടക്കം 10 എം.എല്‍.എ.മാരും ഒരു എം.പി.യും അമിത് ഷാ ശനിയാഴ്ച പങ്കെടുത്ത റാലിയില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. 

ബംഗാളില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ സന്ദര്‍ശനം. എല്ലാ മാസവും അമിത് ഷാ ബംഗാളിലെത്തുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. 2021 നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഒരു പക്ഷേ മാസത്തില്‍ ഏഴു ദിവസം വരെ അമിത് ഷാ ബംഗാളില്‍ തങ്ങിയേക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്.

Content Highlights: I haven't seen a roadshow like this in my life-amit shah-west bengal rally