പനാജി: പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നത് തന്നെ ആശങ്കാകുലനാക്കുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പെണ്‍കുട്ടികള്‍ വരെ ബിയര്‍ കഴിക്കുന്നുവെന്നത് എന്നെ ഭയപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. സഹിക്കാവുന്നതിന്റെ എല്ലാ അതിരും കടന്നിരിക്കുന്നു', മനോഹർ പരീക്കർ പറഞ്ഞു. 'ഞാന്‍ പറയുന്നത് എല്ലാവരെ കുറിച്ചുമല്ല. ഇവിടെ ഇരിക്കുന്നവരെ കുറിച്ചുമല്ല ഞാൻ പറയുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവയിലെ ചെറുപ്പക്കാര്‍ അധ്വാന ശീലരല്ലെന്നും പരീക്കര്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിഭാരമില്ലെന്നാണ് യുവതലമുറ ചിന്തിക്കുന്നത്. എല്‍ഡി ക്ലര്‍ക്ക് ജോലിക്കായുള്ള നീണ്ട ക്യൂ അധ്വാനിക്കാന്‍ തയ്യാറല്ലാത്ത യുവതയ്ക്കുള്ള തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.