കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിച്ചതിന് പിന്നാലെ തോല്‍വി അംഗീകരിക്കുന്നതായി ബിജെപി സ്ഥാനാര്‍ഥി പ്രിയങ്ക ടിബ്രവാള്‍. മമതയെ പ്രത്യേകം അഭിനന്ദിക്കുന്നതായും പ്രിയങ്ക പറഞ്ഞു. അതേസമയം ത്രിണമൂലിന്റെ ശക്തികേന്ദ്രത്തില്‍ 25000ത്തിലേറേ വോട്ടുകള്‍ പിടിച്ചെടുത്ത താനാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് എന്നും അവര്‍ അവകാശപ്പെട്ടു. 

'ഈ മത്സരത്തില്‍ താനാണ് മാന്‍ ഓഫ് ദി മാച്ച്. കാരണം മമതയുടെ ശക്തി കേന്ദ്രത്തില്‍ വന്ന് മത്സരിച്ച് 25000ത്തിലേറെ വോട്ടുകള്‍ നേടാന്‍ സാധിച്ചു. കഠിനാധ്വാനം തുടരും - പ്രിയങ്ക പറഞ്ഞു. 

തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നു. കോടതിയില്‍ പോകില്ല. ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് മമത അവകാശപ്പെട്ടിരുന്നത്. എന്നാല്‍ 50,000ത്തിലധികം വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് ലഭിച്ചത്.  മമത തിരഞ്ഞെടുപ്പ് വിജയിച്ചത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണെന്നും പ്രിയങ്ക പറഞ്ഞു.

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിച്ച ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മമതാ ബാനര്‍ജി പ്രതികരിച്ചു. ബംഗാളില്‍ ബിജെപിയുടെ ഗൂഢാലോചന പൊളിഞ്ഞുവെന്നും മമത വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്താന്‍ ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു. നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ 58,832 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മമതയുടെ വിജയം. 84,709 വോട്ടുകളാണ് മമതയ്ക്ക് ലഭിച്ചത്. പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാനെ സാധിച്ചുള്ളു.

ഭൂരിപക്ഷത്തില്‍ സ്വന്തം റെക്കോര്‍ഡാണ് ഭവാനിപൂരില്‍ മമത മറികടന്നത്. 2011 ല്‍ 52,213 വോട്ടിന്റെയും 2016 ല്‍ 25,301 വോട്ടിന്റെയും ഭൂരിപക്ഷം മമത നേടിയിരുന്നു. 

content highlights: I gracefully accept defeat, says BJP's Tibrewal