ഭോപ്പാല്‍: ഗോമൂത്രത്തിന് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്ന് ഭോപ്പാലിലെ ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ് ഠാക്കൂര്‍. താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി. എം.പിയുടെ പ്രസ്താവന.

'ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കില്‍ അത് കോവിഡ്മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാന്‍ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാല്‍ ഇപ്പോള്‍ എനിക്ക് കൊറോണയ്‌ക്കെതിരെ ഒരു മരുന്നും കഴിക്കേണ്ടതില്ല. എനിക്ക് കൊറോണ ഇല്ല' ഒരു പാര്‍ട്ടി പരിപാടിക്കിടെ പ്രജ്ഞാ സിങ് പറഞ്ഞു.

ഗോമൂത്രം ജീവന്‍രക്ഷാ മരുന്നാണെന്നും അവര്‍ പറയുന്നു. പശുമൂത്രവും മറ്റു പശു ഉത്പന്നങ്ങളുമാണ് തന്റെ ക്യാന്‍സറിനെ സുഖപ്പെടുത്തിയതെന്ന് രണ്ടു വര്‍ഷം മുമ്പ് പ്രജ്ഞാ സിങ് അവകാശപ്പെട്ടിരുന്നു. 

അതേ സമയം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോവിഡ് ലക്ഷണങ്ങളോടെ പ്രജ്ഞാ സിങ് ഠാക്കൂറിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

പ്രജ്ഞാ സിങ് ഠാക്കൂറിനെ കൂടാതെ മറ്റു ചില ബിജെപി നേതാക്കളും കോവിഡ് ചികിത്സക്ക് ഗോമൂത്രം ഉപയോഗിക്കാന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഗോമൂത്രവും ചാണകവും ഉപയോഗിച്ചുള്ള ഇത്തരം ചികിത്സകള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അപകടം വരുത്തിവെയ്ക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യം ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. സുരേന്ദ്ര സിങ് ഗോമൂത്രം കുടിക്കുന്നത് കൊറോണ വൈറസില്‍ നിന്ന് തന്നെ സംരക്ഷിച്ചുവെന്ന് അവകാശപ്പെട്ട് വീഡിയോയുമായി രംഗത്തെത്തിയിരുന്നു. 'ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ പശു മൂത്രം ലയിപ്പിച്ചാണ് കുടിക്കേണ്ടതെന്നും അദ്ദേഹം ശുപാര്‍ശ ചെയ്യുകയുണ്ടായി.

content highlights:I Drink Cow Urine Every Day, So Don't Have Covid": BJP MP Pragya Thakur