ന്യൂഡല്‍ഹി: മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍ എന്ന 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' സ്ഥലകാലഭേദമില്ലാതെ ലോകമെങ്ങും മലയാളികള്‍ ഏറ്റെടുത്തതോടെ താന്‍ വെറും വാക്ക് പറഞ്ഞതോ കാര്യസാധ്യത്തിന് വേണ്ടി പുകഴ്ത്തി പറഞ്ഞതോ അല്ല എന്ന വിശദീകരണവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.

തന്റെ ഫെയിസ് ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞത് വീണ്ടും ആവര്‍ത്തിച്ച് മലയാളികളെ അദ്ദേഹം വീണ്ടും പുകഴ്ത്തിയത്. 

'മലയാളികളോട് പറഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ വോട്ട് എനിക്ക് വേണ്ട. ഞാന്‍ കേരളത്തില്‍ തിരഞ്ഞെടുപ്പിലൊന്നും മത്സരിക്കാന്‍ പോകുന്നില്ല. കേരളത്തിലെന്ന് മാത്രമല്ല എവിടെ നിന്നും ഇലക്ഷനില്‍ ഞാന്‍ മത്സരിക്കില്ല. അതുകൊണ്ട് തന്നെ നിങ്ങളെ സുഖിപ്പിക്കേണ്ട ആവശ്യം എനിക്കില്ല.

പക്ഷേ പറഞ്ഞത് വസ്തുതയാണ്. അതാണ് സത്യം. നിങ്ങളാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്നത്. നിങ്ങളില്‍ ഞാന്‍ കാണുന്നത് ഇന്ത്യയുടെ സത്തയാണ്. അതുകൊണ്ട് തന്നെ നിങ്ങളാണ് ഏറ്റവും മികച്ച മികച്ച ഇന്ത്യക്കാര്‍. എല്ലാ ഇന്ത്യക്കാരും മലയാളികളെ കണ്ടുപഠിക്കണം'. 

മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് കട്ജു ഈ പോസ്റ്റും അവസാനിപ്പിക്കുന്നത്.

മലയാളികളാണ് യഥാര്‍ഥ ഇന്ത്യക്കാര്‍: മാര്‍ക്കണ്ഡേയ കട് ജു