ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരേ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്. അടുത്ത തിരഞ്ഞെടുപ്പില്‍ 300 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന്, ഭരണഘടനാ അനുച്ഛേദം 370 പുനഃസ്ഥാപിക്കുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

അനുച്ഛേദം 370-ന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതിക്കോ സര്‍ക്കാരിനോ മാത്രമേ സാധിക്കൂ. എന്നാല്‍ അവര്‍ നിയമം റദ്ദ് ചെയ്താല്‍ എന്തു ചെയ്യും? നിലവിലെ സാഹചര്യത്തില്‍ നിയമം പുനഃസ്ഥാപിക്കുന്നതിനായി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് 300ല്‍ അധികം എംപിമാരുടെ പിന്തുണ വേണം. 2024ലെ തിരഞ്ഞെടുപ്പില്‍ 300 ലോക്‌സഭാ സീറ്റ് നേടാനാവുമെന്ന് എനിക്ക് തോന്നുന്നില്ല. ദൈവം സഹായിച്ച് അതിന് സാധിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ സാധ്യത കുറവാണ്, ഗുലാം നബി ആസാദ് പറഞ്ഞു. 

ജനങ്ങള്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നല്ലതാണെന്ന് ഞാന്‍ കരുതുന്നില്ല. മുന്നൂറില്‍ അധികം സീറ്റുകള്‍ നേടി സര്‍ക്കാരുണ്ടാക്കുമെന്നും തുടര്‍ന്ന് അനുച്ഛേദം 370 റദ്ദാക്കുമെന്നും ജനങ്ങള്‍ക്ക് വാക്കുകൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും വാഗ്ദാനം ചെയ്തിരുന്നു. ഇതിനായി പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരണമെന്നും ആസാദ് ആവശ്യപ്പെട്ടു.

Content Highlights: I don’t see Congress getting 300 seats in 2024 election: Azad