ഡെറാഢൂണ്‍: വികസനമാണ് തന്റെ സര്‍ക്കാരിന്റെ ഒരേയൊരു അജണ്ടയെന്നും പറഞ്ഞതെല്ലാം ഓര്‍മയുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാന്‍ വ്യാജവാഗ്ദാനങ്ങള്‍ നല്‍കാറില്ല. എന്താണ് പറഞ്ഞതെന്ന് ഓര്‍മയുണ്ട്'. പ്രധാനമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ പിന്തുണയാണ് തന്റെയും സര്‍ക്കാരിന്റെയും ശക്തിയെന്നും മോദി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ എന്ന ഒറ്റ നടപടിയിലൂടെ കള്ളപ്പണം, തീവ്രവാദം, ലഹരിമാഫിയ, മനുഷ്യക്കടത്ത് എന്നിവയുടെ നടുവൊടിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ്, ബദ്രീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന ചാര്‍ധാം ഹൈവേ പദ്ധതിയുടെ ഉദ്ഘാടനവും ചൊവ്വാഴ്ച്ച രാവിലെ പ്രധാനമന്ത്രി നിര്‍വഹിച്ചു.
ഉത്തരാഖണ്ഡില്‍ പ്രധാനമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍:
- കള്ളപ്പണത്തിനെതിരായ ഒരു വലിയ യുദ്ധത്തിന് ഞാന്‍ തുടക്കമിട്ടിരിക്കുകയാണ് അത് ജയിച്ചു കയറാന്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹം വേണം.
- അഴിമതിയും, കൊള്ളയും നിര്‍ത്തിയാലെ ഇന്ത്യ വളരൂ. നോട്ട് അസാധുവാക്കല്‍ എന്ന ഒറ്റ നടപടിയിലൂടെ കള്ളപ്പണം, തീവ്രവാദം, ലഹരിമാഫിയ, മനുഷ്യക്കടത്ത് എന്നിവയുടെ നടുവൊടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.
- കൊച്ചു കൊച്ചു പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി മാത്രമാണോ നിങ്ങള്‍ എന്നെ പ്രധാനമന്ത്രിയാക്കിയത്. നാട മുറിക്കാനും, മെഴുകുതിരി കത്തിക്കാനും വേണ്ടി മാത്രമല്ല ഞാന്‍ പ്രധാനമന്ത്രിയായത്. ഒരു കാവല്‍ക്കാരന്റെ ജോലി കൂടിയാണ് ഞാന്‍ ചെയ്യുന്നത്. പക്ഷേ ഞാനെന്റെ ജോലി ചെയ്യുന്നതില്‍ ചിലര്‍ അസ്വസ്ഥരാണ്.
- ചാര്‍ധാം പദ്ധതി ഉത്തരാഖണ്ഡ് പ്രളയത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് സമര്‍പ്പിക്കുകയാണ്.
- കേഥാര്‍നാഥിലും ബദ്രീനാഥിലും തീര്‍ത്ഥാടനത്തിനെത്തുമ്പോള്‍ ഇനി നിങ്ങള്‍ ഈ സര്‍ക്കാരിനേയും ഓര്‍ക്കും. വാജേപേയ് നിങ്ങള്‍ക്ക് ഉത്തരാഖണ്ഡിനെ നല്‍കി ഞാന്‍ ഉത്തരാഖണ്ഡിന് പുതിയമുഖം നല്‍കും.
- പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങള്‍ സാധാരണക്കാര്‍ക്കായി മികച്ച യാത്രാസൗകര്യങ്ങള്‍ ഒരുക്കും. വികസനത്തിന്റെ പുതിയ ആകാശത്തിലേക്ക് ഉത്തരാഖണ്ഡിനെ ഞങ്ങളെത്തിക്കും.
- വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ നാല്‍പ്പത് വര്‍ഷത്തോളം മുന്‍സര്‍ക്കാരുകള്‍ സൈനികരെ കബളിപ്പിച്ചു, ഒടുവില്‍ എന്റെ സര്‍ക്കാരാണ് അത് നടപ്പിലാക്കിയത്.