രാജ്നാഥ് സിങ് |Photo:PTI
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന വിരുദ്ധ നിയമത്തെ പിന്തുണച്ചുകൊണ്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനത്തെ താന്‍ വ്യക്തിപരമായി അംഗീകരിക്കുന്നില്ലെന്നും രാജ്നാഥ് പറഞ്ഞു.
'എന്തുകൊണ്ടാണ് മതപരിവര്‍ത്തനം ഉണ്ടാകുന്നത് എന്ന് ഞാന്‍ ചോദിക്കുന്നു, കൂട്ട മതപരിവര്‍ത്തനം അവസാനിപ്പിക്കണം. എനിക്ക് അറിയാവുന്നിടത്തോളം മുസ്ലിം മതത്തിലുള്ള ഒരാള്‍ക്ക് മറ്റൊരു മതത്തിലുള്ളവരെ വിവാഹം ചെയ്യാന്‍ കഴിയില്ല. വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നതിനോട് ഞാന്‍ വ്യക്തിപരമായി യോജിക്കുന്നില്ല' രാജ്നാഥ് സിങ് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യുപിയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ലഖ്നൗവില്‍ നിന്നുള്ള ലോക്സഭാ അംഗം കൂടിയാണ് രാജ്നാഥ്.
സ്വാഭാവിക വിവാഹവും വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'പലയിടത്തും ബലമായി മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ചിലപ്പോഴത് ദുരാഗ്രഹത്തിന്റെ പേരിലാണ് നടക്കുന്നത്. സ്വാഭാവിക വിവാഹവും നിര്‍ബന്ധിത പരിവര്‍ത്തനവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതെല്ലാം പരിഗിണിച്ചാകും സര്‍ക്കാരുകള്‍ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് ഞാന്‍ കരുതുന്നു' രാജ്നാഥ് പറഞ്ഞു.
ഒരു യഥാര്‍ത്ഥ ഹിന്ദു ജാതി, മതം വിഭാഗങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കില്ലെന്ന് താന്‍ വിശ്വസിക്കുന്നു. മത ഗ്രന്ഥങ്ങളും അതിന് അനുമതി നല്‍കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..