സുന്ദർ പിച്ചൈ പദ്മഭൂഷൺ ഏറ്റുവാങ്ങുന്നു | Photo: Twitter/ANI
വാഷിങ്ടണ്‍: ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ പദ്മഭൂഷണ്‍ ഏറ്റുവാങ്ങി. യു.എസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിങ് സന്ധുവില്‍ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. സാന്‍ഫ്രാന്‍സിസ്കോയില്‍ അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പുരസ്കാരദാനം. സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ടി.വി. നാഗേന്ദ്രപ്രസാദും പരിപാടിയില്‍ സന്നിഹിതനായിരുന്നു.
വാണിജ്യ- വ്യവസായ വിഭാഗത്തിലാണ് സുന്ദര്‍ പിച്ചൈക്ക് 2022-ലെ പദ്മഭൂഷണ്‍ ലഭിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പദ്മഭൂഷണ്‍ ഈ വര്‍ഷം 17 പേര്‍ക്കാണ് പ്രഖ്യാപിച്ചിരുന്നത്. തന്നെ വാര്‍ത്തെടുത്ത രാജ്യം ഇത്തരത്തിലൊരു ബഹുമതി നല്കി ആദരിക്കുന്നത് അവിശ്വസനീയമാംവിധം അര്ഥപൂര്ണ്ണമാണെന്ന് പിച്ചൈ പ്രതികരിച്ചു.
'ഇത്തരമൊരു ബഹുമതിക്ക് എന്നെ തിരഞ്ഞെടുത്ത ഇന്ത്യന്‍ സര്‍ക്കാരിനോട് അകമഴിഞ്ഞ കൃതജ്ഞതയാണുള്ളത്. ഇന്ത്യ എന്റെ ഒരു ഭാഗമാണ്. ലോകത്ത് എവിടെപ്പോയാലും രാജ്യം എന്നുമെന്റെ ഉള്ളിലുണ്ടാവും. പഠിക്കുന്നതിനേയും അറിവുനേടുന്നതിനേയും പ്രോത്സാഹിപ്പിക്കുന്ന ഒരുകുടുംബത്തില്‍ വളരാന്‍ സാധിച്ചതും എന്റെ ഇഷ്ടങ്ങള്‍ക്ക് പിന്നാലെ പോകാന്‍ അവസരമുണ്ടാക്കാന്‍ ത്യാഗങ്ങള്‍ നടത്തിയ രക്ഷിതാക്കള്‍ ഉണ്ടായതും വലിയ ഭാഗ്യമാണ്', പിച്ചൈ പറഞ്ഞു.
സാങ്കേതിക രംഗത്ത് ഇന്ത്യയില്‍ ദ്രുതഗതിയില്‍ നടക്കുന്ന മാറ്റങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു. ഇന്ത്യയിലുണ്ടാവുന്ന കണ്ടുപിടിത്തങ്ങള്‍ ലോകത്താകെയുള്ള ജനങ്ങള്‍ക്ക് സഹായകരമാണ്. സാങ്കേതിക വിദ്യയുടെ ഗുണം കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഇന്ത്യയും ഗൂഗിളും തമ്മിലുള്ള സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നതായും പിച്ചൈ വ്യക്തമാക്കി.
സാങ്കേതിക വിദ്യയുടെ അതിരുകളില്ലാത്ത സാധ്യതകളെയാണ് പിച്ചൈ പ്രതിനിധീകരിക്കുന്നതെന്ന് തരണ്‍ജിത് സിങ് സന്ധു അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്ത വിഭാഗത്തിലുള്ളവര്‍ക്ക് സാങ്കേതികവിദ്യയുടെ സൗകര്യം പ്രാപ്യമാക്കാന്‍ വലിയ പരിശ്രമമാണ് പിച്ചൈ നടത്തുന്നത്. ഇന്ത്യയില്‍ നടക്കുന്ന സാങ്കേതിക വിപ്ലവത്തിന്റെ സാധ്യതകള്‍ ഗൂഗിള്‍ ഉപയോഗപ്പെടുത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സന്ധു പറഞ്ഞു.
Content Highlights: i carry india with me wherever i go says google ceo sundar pichai received padma bhushan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..