ന്യൂഡല്‍ഹി: ഹിന്ദിക്ക് പ്രാമുഖ്യം നല്‍കുന്നതിനുള്ള കേന്ദ്ര നീക്കത്തിനെതിരെ പുതിയ പ്രതിഷേധ രീതിയുമായി ഹിന്ദി ഇതര സംസ്ഥാനങ്ങള്‍. ഹിന്ദിയില്‍ കേന്ദ്രമന്ത്രി അയച്ച കത്തിന് ഒഡീഷ എംപിയും ബിജു ജനതാദള്‍ നേതാവുമായ തഥാഗത് സത്പതിയ ഒഡിയ ഭാഷയില്‍ എഴുതിയ മറുപടി നല്‍കി.

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ അയച്ച കത്തിനാണ് തഥാഗത് മറുപടി നല്‍കിയത്.

'താങ്കളുടെ ഹിന്ദിയുലുള്ള കത്ത് എനിക്ക് മനസ്സിലാകുന്നില്ല' എന്ന് വ്യക്തമാക്കിയാണ് സത്പതി ഒഡിയയില്‍ മറുപടി കത്ത് നല്‍കിയിട്ടുള്ളത്. എനിക്ക് 11-08-2017 ന് താങ്കളയച്ച കത്ത് ലഭിച്ചു. താങ്കള്‍ അതില്‍ ഹിന്ദിയില്‍ ആണ് എഴുതിയിട്ടുള്ളത് എന്നതിനാല്‍ കത്തിന്റെ ഉളളടക്കം എനിക്ക് മനസ്സിലായിട്ടില്ലെന്ന് താങ്കളെ അറിയിക്കുന്നു. ഞങ്ങളുടെ ഭാഷയായ ഒഡിയയിലോ അല്ലങ്കില്‍ ഇംഗ്ലീഷിലോ അയക്കണം. എന്തിനാണ് ഹിന്ദി സംസാരിക്കാത്തവരില്‍ അത് അടിച്ചേല്‍പ്പിക്കുന്നതെന്നും എംപി കത്തില്‍ ചോദിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകള്‍ ഹിന്ദിയില്‍ മാത്രം നല്‍കുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ഒഡിഷ എംപിയുടെ വ്യത്യസ്തമായ പ്രതിരോധം. കേന്ദ്ര തീരുമാനം തിരുത്തണമെന്നും അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട് എംപിമാര്‍ നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

a
നരേന്ദ്ര സിങ് തോമറിന്റെ കത്ത്
b
തഥാഗത് സത്പതിയുടെ മറുപടി കത്ത്‌