നിർമല സീതാരാമൻ| ഫോട്ടോ: ഉണ്ണികൃഷ്ണൻ മാതൃഭൂമി
ന്യൂഡല്‍ഹി: ഇടത്തരക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തനിക്ക് വ്യക്തമായി അറിയാമെന്നും താനും ആ വിഭാഗത്തില്‍പ്പെട്ടയാളാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രിയുടെ ഈ അവകാശവാദം. മോദി സര്‍ക്കാര്‍ ഇതുവരെ ഒരു ബജറ്റിലും ഇടത്തരക്കാര്‍ക്കുമേല്‍ പുതിയ നികുതിഭാരം അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യത്തിന് നല്കിയ അഭിമുഖത്തില്‍ അവര്‍ അവകാശപ്പെട്ടു. ഇടത്തരക്കാര്‍ അനുഭവിക്കുന്ന സമ്മര്‍ദം തനിക്ക് വ്യക്തമായി അറിയാം. അഞ്ച് ലക്ഷംവരെ സമ്പാദിക്കുന്നവര്ക്കുമേല് മോദി സര്‍ക്കാര്‍ ആദായനികുതി ചുമത്തിയിട്ടില്ല. പുതിയ നികുതികളൊന്നും അവര്‍ക്കുമേല്‍ വരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
ഇടത്തരക്കാര്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ 27 നഗരങ്ങളില്‍ മെട്രോ റെയില്‍വെ സര്‍വീസുകള്‍ തുടങ്ങിയത്. 100 സ്മാര്‍ട്ട് സിറ്റികളുടെ വികസനത്തിനും ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ജോലിക്കും സംരംഭങ്ങള്‍ തുടങ്ങുന്നതിനും നഗരങ്ങളിലേക്ക് കുടിയേറുന്നതിന് സൗകര്യമൊരുക്കാനാണിത്. ഇത്തരം നടപടികള്‍ ജനങ്ങളുടെ ജീവിത നിലവാരം വര്ധിപ്പിക്കില്ലേ ? തീര്‍ച്ചയായും വര്‍ധിപ്പിക്കും. സാധാരണക്കാരുടെ പോക്കറ്റിലേക്ക് നേരിട്ട് പണം എത്തിക്കുന്ന എന്നതല്ല ഉദ്ദേശിക്കുന്നത്. സ്മാര്‍ട്ട് സിറ്റികളും മെട്രോ പദ്ധതികളും പോലെയുള്ളവ അവര്‍ക്ക് പ്രയോജനപ്പെടും.
രാഷ്ട്രീയ പാര്‍ട്ടികള്‍ അവര്‍ നല്കുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തുക ബജറ്റില്‍ വകയിരുത്തണം. ഓരോ സംസ്ഥാനത്തെയും സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത്, നടപ്പാക്കാന്‍ സാധിക്കുക കാര്യങ്ങള്‍ മാത്രമേ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായി നല്‍കാവൂ. 2013-ല്‍ ദുര്‍ബലമായ അഞ്ച് സമ്പദ്വ്യവസ്ഥകളില് ഒന്നായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ സമ്പദ്വ്യവസ്ഥയില് വന്‍ മാറ്റങ്ങളുണ്ടാകുകയും ഇപ്പോള്‍ ലേകത്തെതന്നെ അതിവേഗം വളരുടെ സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുകയും ചെയ്തുവെന്നും ധനമന്ത്രി അവകാശപ്പെട്ടു.
Content Highlights: Nirmala Sitaraman Union Budget middle class
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..