മുംബൈ:  ബിജെപിയുമായി ഭാവിയില്‍ വീണ്ടും ഒന്നിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ഉദ്ധവ് താക്കറെ. ശിവസേന മുഖപത്രമായ സാമ്‌നയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വീണ്ടും ഇരുപാര്‍ട്ടികളും യോജിക്കാനുള്ള സാധ്യത അദ്ദേഹം സൂചിപ്പിച്ചത്.

'എന്നോട് കളവ് പറയാതിരിക്കുകയും നല്‍കിയ വാഗ്ദാനം അവര്‍ പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും മുഖ്യമന്ത്രിയാകില്ലായിരുന്നു. തീരുമാനിച്ചതിനപ്പുറം ഒന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം അധാര്‍മ്മികമാണെന്ന ആരോപണം ഉദ്ധവ് തള്ളി. 'ബിജെപി ശിവസേനയെ ധാര്‍മ്മികത പഠിപ്പിക്കേണ്ട. ഫഡ്‌നാവിസ് മറ്റ് പാര്‍ട്ടികളെ പിളര്‍ത്തി അതിലെ നേതാക്കളെ ചേര്‍ക്കുകയല്ലേ ചെയ്തത്'- അദ്ദേഹം ചോദിച്ചു.

ആശയപരമായ ഭിന്നതയുള്ളവര്‍ ചേര്‍ന്ന് സഖ്യമുണ്ടാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലും ഇത് തന്നെയല്ലെ അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു. 'നിതീഷ് കുമാര്‍ ബിജെപിയില്‍ നിന്ന് ഭിന്നമായി ചിന്തിക്കുന്നു, എന്നിട്ടും അവര്‍ ഒരുമിച്ചു. ചന്ദ്രബാബു നായിഡുവും അവര്‍ക്കൊപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ മമത ബാനര്‍ജിയും സഖ്യത്തിനൊപ്പമായിരുന്നില്ലേ. അവരുടെ ആശയങ്ങള്‍ യോജിക്കുന്നവയാണോ? എന്താണ് കശ്മീരില്‍ സംഭവിച്ചത്. അവര്‍ വിഘടനവാദികളുമായി ചര്‍ച്ചനടത്തിയില്ലേ'-ഉദ്ധവ് ചോദിച്ചു.

Content Highlights: If they had fulfilled their promise, I would have never become the CM