ലഖ്നൗ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കുമ്പോള്‍ വാക്‌സിനെതിരെ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. താന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നും ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി.

'ഞാന്‍ ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിക്കുന്നില്ല. എങ്ങനെയാണ് ബിജെപിയുടെ വാക്‌സിനെ വിശ്വസിക്കാനാവുക. ഞങ്ങളുടെ സര്‍ക്കാര്‍ രൂപവത്കരിക്കുമ്പോള്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കും. ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല', അദ്ദേഹം പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വരുമെന്നും അഖിലേഷ് യാദവ് അവകാശപ്പെട്ടു. 

അഖിലേഷിന്റെ പരാമര്‍ശത്തിനു പിന്നാലെ ബിജെപി വിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുന്ന പ്രസ്താവനയാണ് അഖിലേഷിന്റേതെന്ന് ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അഖിലേഷിന് വാക്‌സിനില്‍ വിശ്വാസമില്ല. അതുപോലെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് അഖിലേഷിനെയും വിശ്വാസമില്ല. പ്രസ്താവനയില്‍ അദ്ദേഹം മാപ്പ് പറയണമെന്നും മൗര്യ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിനെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെടുത്തുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. അഖിലേഷ് യാദവിന് രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാനാവില്ലെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താൻ പാടില്ലെന്നും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ഇന്ന് പറഞ്ഞിരുന്നു. ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി മൂന്നു കോടി പേർക്ക് ആദ്യഘട്ടത്തിൽ വാക്സിൻ സൗജന്യമായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ശേഷിക്കുന്ന 27 കോടി പേർക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാക്സിൻ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ റൺ നടക്കുകയാണ്. ഓക്സഫഡ് യൂണിവേഴ്സിറ്റിയും മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിനായ കോവിഷീൽഡിന് അനുമതിക്കായി കേന്ദ്രസർക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കൺട്രോളർ ജനറലിന് ശുപാർശ നൽകിയിരുന്നു. സെറം ഇൻസ്റ്റിറ്റിയൂട്ട് ആണ് ഇന്ത്യയിൽ കോവിഷീൽഡ് നിർമിക്കുന്നത്.

Content Highlights:I am not going to get vaccinated for COVID How can I trust BJP vaccine- Akhilesh Yadav