ബെംഗളൂരു: ബി.ജെ.പിയോട് തനിക്ക് മൃദുല സമീപനമില്ലെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാരിനോട് അതുണ്ടെന്നും കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി. ഡെക്കാന്‍ ഹെറാള്‍ഡിനു നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്.

എ.പി.എം.എസ്. നിയമ ഭേദഗതി, ഭൂപരിഷ്‌കരണ നിയമ ഭേദഗതി എന്നിവയ്‌ക്കെതിരെ കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തിയപ്പോള്‍, താങ്കള്‍ ആക്രമണോത്സുകമായ നിലപാട് സ്വീകരിച്ചില്ല. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായുമായുള്ള കൂടിക്കാഴ്ചകള്‍ ബി.ജെ.പിയോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നല്ലോ എന്ന ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ മറുപടി.

"ഭരിക്കുന്ന പാര്‍ട്ടിയോട് എനിക്ക് മൃദുസമീപനമല്ല ഉള്ളത്. പക്ഷെ സംസ്ഥാന സര്‍ക്കാരിനോടുണ്ട്. അതില്‍ വ്യത്യാസമുണ്ട്. തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനിയും രണ്ടുവര്‍ഷത്തില്‍ അധികമുണ്ട്. അതിനു മുമ്പ് സര്‍ക്കാര്‍ വീഴുമെന്ന മിഥ്യാധാരണയൊന്നും എനിക്കില്ല. ആക്രമണോത്സുകനായിട്ട് എനിക്കൊന്നും നേടാനില്ല." സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും അതിലൂടെ തങ്ങളുടെ പാര്‍ട്ടി പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലെ വികസനം ഉറപ്പുവരുത്താനുമാണ്  ശ്രമിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

എ.പി.എം.സി., ഭൂപരിഷ്‌കരണ ഭേദഗതികള്‍ക്കെതിരെ ജെ.ഡി.എസ്. സ്വീകരിച്ച നടപടികളെ കുറിച്ചും കുമാരസ്വാമി പ്രതികരിച്ചു. ഭേദഗതികള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍, സിദ്ധരാമയ്യ സര്‍ക്കാരിന്റെ കാലത്ത് ഈ ഭേദഗതികള്‍ എങ്ങനെയാണ് രൂപവത്കരിച്ചതെന്ന് വ്യക്തമാക്കിക്കൊണ്ട് റവന്യൂമന്ത്രി ആര്‍. അശോക നിയമസഭയില്‍ കോണ്‍ഗ്രസിനെ തുറന്നുകാണിച്ചു. ഇത് അവരുടെ ഇരട്ട നിലപാടിനെയാണ് കാണിക്കുന്നത്. ആവശ്യമുള്ള സമയത്ത് സര്‍ക്കാരിന്റെ തീരുമാനങ്ങളിലെ പഴുതുകള്‍ ചൂണ്ടിക്കാണിക്കാറുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

Courtesy: deccanherald.com

content highlights: i am not going soft on bjp; but on government says hd kumaraswamy