ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ എത്തിയ അണ്ണാ ഡിഎംകെ നേതാവ് ശശികല പോലീസ് ജീപ്പില്‍ കയറാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. 

ജയിലിനുള്ളിലെ കെട്ടിടത്തിലേക്ക് പോകാന്‍ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് ശശികല ജയില്‍ അധികൃതരോട് തട്ടിക്കയറിയത്. 'ഞാന്‍ വെറുമൊരു മോഷ്ടാവല്ല, ഞാനൊരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പില്‍ ഇരിക്കില്ല. ഞാന്‍ നടന്നുകൊള്ളാം' -ശശികല പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ജയിലിലെത്തിയ ശശികല വളരെ അസ്വസ്ഥയും ഹതാശയുമായിരുന്നെന്ന് ജയില്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമാണ് ശശികലയെ പോലീസ് വാഹനത്തില്‍ കയറാന്‍ പോലീസ് നിര്‍ബന്ധിച്ചത്. പോലീസ് ജീപ്പില്‍ ഇരിക്കാന്‍ മടിച്ച ശശികല നടന്നാണ് ജയിലിനുള്ളിലേയ്ക്ക് പോയത്. 

ആധുനിക സൗകര്യങ്ങളും മാംസാഹാരം അടക്കമുള്ള ഭക്ഷണവും ലഭിക്കുന്ന ക്ലാസ്-1 സൗകര്യങ്ങളുള്ള ജയില്‍ മുറി തനിക്കു വേണമെന്ന് ശശികല ജയിലധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മുന്‍പ് ജയലളിതയോടൊപ്പം ഇതേ ജയിലില്‍ കഴിഞ്ഞപ്പോള്‍ ഈ സൗകര്യങ്ങള്‍ അവര്‍ക്ക് ലഭിച്ചിരുന്നു. അത് ഇത്തവണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍ ജയിലിലെത്തിയത്. എന്നാല്‍ പ്രത്യേക സൗകര്യങ്ങള്‍ വേണമെന്ന ശശികലയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.

ജയിലില്‍ 10/8 സെല്‍ ആണ് ശശികലയ്ക്ക് അനുവദിച്ചത്. അരഭിത്തിയുള്ള കക്കൂസും ഈ സെല്ലിന്റെ ഭാഗമാണ്. ഈ സെല്ലില്‍ അവര്‍ക്കൊപ്പം സഹോദര ഭാര്യ ഇളവരശിയുമുണ്ടായിരുന്നു. വെള്ള സാരിയായിരുന്നു ജയിലില്‍ അവരുടെ വേഷം. രാത്രിയില്‍ ശശികല അല്‍പംപോലും ഉറങ്ങിയില്ല. 

ഇളവരശിയുമായി ഇടയ്‌ക്കെപ്പോഴോ സംസാരിച്ചതല്ലാതെ മറ്റാരോടും ഒരു വാക്കുപോലും അവര്‍ മിണ്ടിയില്ല. ബംഗളൂരുവിലെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലില്‍ അവരെ കാണാന്‍ ശ്രമിച്ചെങ്കിലും അവര്‍ അനുവദിച്ചില്ല. തമിഴ്‌നാട്ടിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ പോലും അവര്‍ താല്‍പര്യം കാണിച്ചില്ലെന്ന് ജയില്‍ വൃത്തങ്ങള്‍ പറയുന്നു.