ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക്  (പിഎന്‍ബി) തട്ടുപ്പുകേസിലെ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി. ഡൊമിനിക്ക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്‌സി ഈ അവകാശവാദം ഉന്നയിച്ചത്. ചോക്‌സിലെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയം ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണിത്.

ഇന്ത്യ വിടുന്ന സമയത്ത് തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ണുവെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചോക്‌സി സത്യവാങ്മൂലത്തില്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്ക് താനുമായി അഭിമുഖം നടത്തേണ്ടതുണ്ടെങ്കില്‍ അതിന് അവരെ ക്ഷണിച്ചിരുന്നുവെന്നും ചോക്‌സി അവകാശപ്പെട്ടു. എട്ട് പേജുള്ള സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിട്ടുള്ളത്. താനുമായി അഭിമുഖം നടത്താനും തന്നില്‍നിന്ന് എന്തെങ്കിലും ആരായാനുണ്ടെങ്കില്‍ ചോദിച്ചറിയാനും ആവശ്യപ്പെട്ട് ഇന്ത്യന്‍ അധികൃതര്‍ക്ക് ക്ഷണപത്രം അയച്ചിരുന്നു എന്നാണ് ചോക്‌സിയുടെ അവകാശവാദം.

2018 ജനുവരി ആദ്യ വാരമാണ് ചോക്‌സിയും അനന്തരവന്‍ നീരവ് മോഡിയും ഇന്ത്യയില്‍നിന്ന് കടന്നത്. കോടികളുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ ഇന്ത്യന്‍ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. പൊതുമേഖലാ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കി ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങുകള്‍ സ്വന്തമാക്കുകയും അതുപയോഗിച്ച് വിദേശ ബാങ്കുകളില്‍നിന്ന് വന്‍തുക കടമെടുക്കുകയും അത് തിരിച്ചടയ്ക്കാതിരിക്കുകയും ചെയ്തുവെന്നാണ് അന്വേഷം ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.

പിഎന്‍ബി തട്ടിപ്പ് പുറത്താകുന്നതിന് തൊട്ടുമുമ്പ് ഇന്ത്യവിട്ട ചോക്‌സി ആന്റിഗയില്‍ പൗരത്വം നേടി കഴിയുകയായിരുന്നു. അവിടെനിന്ന് ക്യൂബയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമിനിക്കയില്‍ പിടിയിലായത്. അതിനിടെ, ചോക്‌സിയെ ഇന്ത്യയിലെത്തിക്കാന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ ഡോമിനിക്കയിലെത്തിയ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ സംഘം വെറുംകൈയോടെ മടങ്ങിയിരുന്നു. ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുന്ന വിഷയം പരിഗണിക്കുന്നത് ഡൊമിനിക്ക ഹൈക്കോടതി മാറ്റിവച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

സിബിഐ ഡിഐഡി ശാര്‍ദാ റാവത്തിന്റെ നേതൃത്വത്തിലുള്ള സംഘം പോയ പ്രത്യേക വിമാനമാണ് ചോക്‌സിയില്ലാതെ തിരിച്ചെത്തിയത്. ചോക്‌സിയെ അനധികൃതമായി തടഞ്ഞുവച്ചിരിക്കുന്നു എന്നാരോപിക്കുന്ന ഹര്‍ജി ഡൊമിനിക്ക ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. പിന്നീട് കോടതി ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. ഹര്‍ജി അടുത്തമാസം മാത്രമെ പരിഗണിക്കാനിടയുള്ളു എന്നാണ് സൂചന. അതുവരെ ചോക്‌സി ഡൊമിനിക്കയില്‍ തുടര്‍ന്നേക്കും.

Content Highlights: I am a law abiding citizen; left India for treatment in US - Choksi in Dominica court