ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ജി-23 നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി സോണിയാ ഗാന്ധി. പാര്‍ട്ടിയില്‍ അച്ചടക്കവും ആത്മനിയന്ത്രണവും ആവശ്യമാണെന്ന് പറഞ്ഞ അവര്‍, തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണമെന്നും മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടതെന്നും പറഞ്ഞു. കോണ്‍ഗ്രസിന്റെ മുഴുവന്‍ സമയ പ്രസിഡന്റാണെന്നും പാര്‍ട്ടിയുടെ കടിഞ്ഞാല്‍ തന്റെ കൈയിലാണെന്നും യോഗത്തില്‍ അവര്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റ ആമുഖ പ്രസംഗത്തിലാണ് സോണിയാ ഗാന്ധി തിരുത്തല്‍ വാദി നേതാക്കള്‍ക്കെതിരേ ശക്തമായി ആഞ്ഞടിച്ചത്. പാര്‍ട്ടിയില്‍ അച്ചടക്കവും ഐക്യവും ആത്മനിയന്ത്രണവും ആവശ്യമാണ്. നേതാക്കള്‍ ഒന്നടങ്കം പാര്‍ട്ടിയുടെ പുനഃസംഘടന ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പുനഃസംഘടന സാധ്യതമാകണമെങ്കില്‍ ഐക്യം വേണമെന്നും സോണിയ ഗാന്ധി ജി-23 നേതാക്കളെ ഓര്‍മിപ്പിച്ചു. 

സത്യന്ധവും സ്വതന്ത്രവുമായ ചര്‍ച്ചകളാണ് നടക്കേണ്ടത്. തന്നോട് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയണം. അല്ലാതെ മാധ്യമങ്ങളിലൂടെയല്ല ഇക്കാര്യങ്ങള്‍ അറിയിക്കേണ്ടത്. പ്രവര്‍ത്തക സമിതിയിലുണ്ടായ തീരുമാനമോ, ധാരണയോ ആയിരിക്കണം പാര്‍ട്ടിക്ക് പുറത്ത് പറയേണ്ടത്. അല്ലാതെ നേതാക്കള്‍ തോന്നുപടിയുള്ള പ്രതികരണങ്ങള്‍ നടത്തരുത്. 

പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയാണെങ്കിലും മുഴുവന്‍ സമയ അധ്യക്ഷയായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറഞ്ഞു. പാര്‍ട്ടിക്ക് ഒരു അധ്യക്ഷന്‍ വേണമെന്ന് പലനേതാക്കളും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണെന്നും ജി-23 നേതാക്കള്‍ ആവശ്യം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സോണിയാ ഗന്ധിയുടെ പ്രഖ്യാപനം. 

Contet Highlights: I am a full-time Congress chief, party needs unity: Sonia Gandhi told G-23 leaders at CWC meet