ഹൈദരാബാദ്: മണിക്കൂറുകളോളം വിശന്നുകരഞ്ഞ പിഞ്ചുകുഞ്ഞിനെ മുലയൂട്ടിയത് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍. ഹൈദരാബാദിലെ അഫ്‌സല്‍ഗുഞ്ച് പോലീസ് സ്‌റ്റേഷനിലാണ് പ്രസവാവധിയിലായിരുന്ന വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ മറ്റൊരു യുവതിയുടെ കുഞ്ഞിനെ മുലയൂട്ടാനെത്തിയത്. 

മദ്യലഹരിയിലായിരുന്ന അമ്മ കുഞ്ഞിനെ മറ്റൊരാളെ ഏല്‍പ്പിച്ച് പോയതാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയിലെത്തിയ യുവതിയാണ് രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മറ്റൊരാളെ നോക്കാന്‍ ഏല്‍പ്പിച്ചത്. ഇപ്പോള്‍ വരാമെന്ന് പറഞ്ഞുപോയ യുവതി തിരിച്ചെത്താത്തതിനാല്‍ ഇയാള്‍ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ വിശപ്പ് സഹിക്കാനാവാതെ കുഞ്ഞ് കരയാന്‍ തുടങ്ങി. തുടര്‍ന്ന് കുഞ്ഞിനെ ഇയാള്‍ അഫ്‌സല്‍ഗുഞ്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ചു. 

സംഭവിച്ചകാര്യങ്ങള്‍ തുറന്നുപറഞ്ഞ യുവാവ് കുഞ്ഞിനെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പക്ഷേ, ഈ സമയത്തെല്ലാം വിശന്നുവലഞ്ഞ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. ഇതോടെയാണ് പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ എം. രവീന്ദര്‍ വനിതാ പോലീസായ തന്റെ ഭാര്യയെ വിവരമറിയിച്ചത്. 

പ്രസവം കഴിഞ്ഞ് അവധിയില്‍ കഴിയുന്ന രവീന്ദറിന്റെ ഭാര്യ പ്രിയങ്ക ഭര്‍ത്താവിന്റെ വിളി വന്നതോടെ പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു. നിമിഷങ്ങള്‍ക്കകം അഫ്‌സല്‍ഗുഞ്ച് പോലീസ് സ്‌റ്റേഷനിലെത്തി കുഞ്ഞിനെ മുലയൂട്ടി. ഇതോടെ മണിക്കൂറുകളോളം നിര്‍ത്താതെ കരഞ്ഞിരുന്ന കുഞ്ഞ് കരച്ചിലും നിര്‍ത്തി. 

ഭര്‍ത്താവിന്റെ ഫോണ്‍ വിളിയെത്തിയപ്പോള്‍ താന്‍ മറ്റൊന്നും ചിന്തിച്ചില്ലെന്ന് വനിതാ പോലീസ് കോണ്‍സ്റ്റബിളായ പ്രിയങ്ക പറഞ്ഞു. 'വിവരമറിഞ്ഞപ്പോള്‍ പെട്ടെന്നുതന്നെ ടാക്‌സി ബുക്ക് ചെയ്ത് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. താനും ഒരു കുഞ്ഞിന്റെ അമ്മയാണ്. വിശന്നുകരയുന്ന കുഞ്ഞിന്റെ അവസ്ഥ എനിക്ക് മനസിലാകും. സ്റ്റേഷനിലെത്തി മുലയൂട്ടിയതോടെ അവള്‍ കരച്ചില്‍ നിര്‍ത്തി. ശാന്തമായി- പ്രിയങ്ക പറഞ്ഞു. 

വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ മണിക്കൂറുകള്‍ക്കുശേഷം കുഞ്ഞിന്റെ അമ്മയായ യുവതിയെയും പോലീസ് കണ്ടെത്തി. കുഞ്ഞിനെ കാണാതെ വിഷമിച്ചിരുന്ന ഇവരെ ചഞ്ചല്‍ഗുഡയില്‍നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. യുവതിയുടേതാണ് കുഞ്ഞെന്ന് ഉറപ്പുവരുത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഞ്ഞിനെ യുവതിക്ക് കൈമാറി. 

Content Highlights: hyderabad woman cop breastfeeds baby left by drunk mother