ഹൈദരാബാദ്: വിദ്യാര്‍ഥി പ്രക്ഷോഭം തുടരുന്ന ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള മൂന്ന് ഇടത് എം.പിമാരെ അധികൃതര്‍ തടഞ്ഞു. എം.ബി. രാജേഷ്, പി.കെ. ബിജു. എ. സമ്പത്ത് എന്നിവരേയാണ് സര്‍വ്വകലാശാലാ അധികൃതര്‍ തടഞ്ഞത്. സര്‍വ്വകലാശാല കാമ്പസില്‍ വൈസ്ചാന്‍സലര്‍ അപ്പാറാവുവിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ഥികളെ കാണാനെത്തിയതായിരുന്നു ഇവര്‍. എം.പിമാരുടെ സന്ദര്‍ശനം കാമ്പസില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ തടഞ്ഞത്. ഇതേതുടര്‍ന്ന് മൂന്നുപേരും സര്‍വ്വകലാശാലയുടെ ഗേറ്റിനുമുന്നില്‍ ഇരുന്ന് പ്രതിഷേധിച്ചു.

തങ്ങളെ തടഞ്ഞ വൈസ്ചാന്‍സലറുടെ നടപടിക്കെതിരെ മുന്നോട്ട് പോകുമെന്ന് എം.പിമാര്‍ പിന്നീട് പറഞ്ഞു. രാഷ്ട്രപതിപോലും ജനപ്രതിനിധികള്‍ കാണാനായി എത്തിയാല്‍ തടയാറില്ല. എന്നാല്‍ സര്‍വ്വകലാശാല അധികൃതരുമായും വിദ്യാര്‍ഥികളുമായി സംസാരിക്കാനെത്തിയ തങ്ങളെ തടഞ്ഞിരിക്കുന്നു.  വൈസ്ചാന്‍സലറുടെയും സര്‍വ്വകലാശാല രജിസ്ട്രാറിന്റെയും ഇത്തരം  നടപടികള്‍ക്കെതിരെ പോരാടുമെന്നും അവര്‍ പറഞ്ഞു.