പേപ്പര്‍വെയ്റ്റായി 1000 കോടിയുടെ വജ്രം, 2 ലക്ഷം ഏക്കര്‍ ഭൂമി; നിസാം രാജവംശത്തിന് അന്ത്യമാകുമ്പോള്‍..


പ്രണവ് ജയരാജ്

മുഖറം ജാ | Photo:Twitter@indscribe@syedurahman

'ഇട്ടുമൂടാനുള്ള വൈരക്കല്ലുകളും സ്വര്‍ണവും മുത്തും പവിഴവുമുണ്ടെങ്കിലും വസ്ത്രങ്ങള്‍ സ്വയം അലക്കി പണം ലാഭിച്ചിരുന്ന രാജാവ്'- ദി ലാസ്റ്റ് നിസാം: ദി റൈസ് ആന്‍ഡ് ഫാള്‍ ഓഫ് ഇന്ത്യാസ് ഗ്രേറ്റസ്റ്റ് പ്രിന്‍സ്‌ലി സ്റ്റേറ്റ്' എന്ന പുസ്തകത്തില്‍ മുഖറം ജായെക്കുറിച്ച് ജോണ്‍ സുബ്രിസിക്കി എഴുതിയത് ഇങ്ങനെ

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ട് വരെ ഹൈദരാബാദ് ഭരിച്ചിരുന്ന രാജാക്കന്മാരായിരുന്നു നിസാമുകൾ. ഇന്നത്തെ തെലങ്കാന, മഹാരാഷ്ട്ര(മറാത്ത്‌വാഡ പ്രദേശം), കര്‍ണാടക(കല്ല്യാണ്‍ പ്രദേശം) എന്നിവയെല്ലാം അന്നത്തെ ഹൈദരാബാദിന്റെ ഭാഗമായിരുന്നു. കോളനിവത്ക്കരണത്തിന്റെ ഫലമായി പല രാജാക്കന്മാരുടെയും അധികാരപദവികള്‍ ഇല്ലാതായിരുന്ന കാലഘട്ടങ്ങളിലും ഹൈദരാബാദ് നിസാമുകൾ തലയുയര്‍ത്തി തന്നെ നിന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ വജ്രവിപണികളില്‍ ഒന്നായിരുന്നു ഹൈദരാബാദ്. ഗൊൽക്കൊണ്ട ഖനികളില്‍നിന്നു വരുന്ന അനിയന്ത്രിതമായ സ്വത്ത് ഹൈദരാബാദ് നിസാമുകള്‍ക്ക് ഒരുക്കിയത് സ്വപ്‌നലോകമായിരുന്നു.

2023 ജനുവരി 14-ാം തീയതി എട്ടാമത് ഹൈദരാബാദ് നിസാമായിരുന്ന നവാബ് മുഖറം ജാ ബഹദൂര്‍ തന്റെ 89-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നത് നിസാം എന്ന ആഡംബര പരമ്പരയുടെ മേല്‍വിലാസം കൂടിയാണ്. ദുരൂഹതകള്‍ നിറഞ്ഞ ജീവിതം പോലെ ഏറെ ചോദ്യങ്ങള്‍ ബാക്കിയാക്കി നിസാം രാജവംശത്തിനും ഔദ്യോഗിക അന്ത്യമായി. ഹൈദരാബാദിന്റെ എട്ടാം നിസാമായിരുന്നു മുഖറം ജാ. 1933-ല്‍ ഫ്രാന്‍സിലായിരുന്നു മുഖറം ജായുടെ ജനനം. 1971-വരെ ഹൈദരാബാദ് രാജകുമാരന്‍ എന്നറിയപ്പെട്ടു. സ്വര്‍ണഖനി, വെസ്റ്റ് പെര്‍ത്തിലെ കോട്ട, ആഡംബര നൗക, ബുള്‍ഡോസറുകള്‍, കാറുകള്‍ എന്നിവയെല്ലാം ഓസ്‌ട്രേലിയയില്‍ അദ്ദേഹം സ്വന്തമാക്കി. എങ്കിലും ഓരോ ബിസിനസ് സംരംഭവും വന്‍നഷ്ടത്തിലാണ് കലാശിച്ചത്. കടം കുമിഞ്ഞുകൂടിയതോടെ തുര്‍ക്കിയില്‍ സ്ഥിരതാമസമാക്കി.

1937-ല്‍ ടൈം മാസികയുടെ കവറായത് ഏഴാമത്തെ നൈസാമായിരുന്നു. ലോകത്തെ ഏറ്റവും സമ്പന്നന്‍ എന്നായിരുന്നു ടൈം വിശേഷിപ്പിച്ചത്. പേപ്പര്‍വെയിറ്റായി 184 കാരറ്റ് വജ്രം ഉപയോഗിച്ചിരുന്നു നിസാം പരമ്പര. 1948-ല്‍ ഹൈദരബാദ് ഇന്ത്യയോട് ചേര്‍ക്കപ്പെടുന്നത് വരെ നിസാം രാജകുടുംബത്തിന് സുവര്‍ണകാലമായിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുഖറം ജ 1967-ലാണ് രാജാവായി അവരോധിതനായത്.

ആഡംബര യാത്ര, 1000 കോടിയുടെ പേപ്പര്‍വെയ്റ്റ്- മിര്‍ ഉസ്മാന്‍ അലി ഖാന്റെ പിന്‍ഗാമി

റോള്‍സ് റോയ്സ് ഗോസ്റ്റില്‍ യാത്ര, പേപ്പര്‍വെയിറ്റായി ഉപയോഗിച്ചിരുന്നത് ഇന്ന് ആയിരം കോടി മതിപ്പുവരുന്ന ജേക്കബ് ഡയമണ്ട്. ഈ ജേക്കബ് ഡയമണ്ടിന് പിന്നിലും ഒരു കഥയുണ്ട്. ജേക്കബ് ഡയമണ്ടിനെ ഉസ്മാന്‍ അലി ഖാന്റെ പിതാവും ഹൈദരാബാദിന്റെ ആറാമത്തെ നിസാമും ആയിരുന്ന മഹ്ബൂബ് അലിഖാന്‍ അശുഭകരമായ ഒന്നായാണ് കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ചെരിപ്പിലായിരുന്നു ഈ മന്‍ഹൂസ് ഹീര(അശുഭവജ്രം)യുടെ സ്ഥാനം. അങ്ങനെ അശുഭകാരിയെന്ന് വിശേഷിപ്പിക്കപ്പെട്ട്, ചൗമൊഹല്ല കൊട്ടാരത്തില്‍ ചെരിപ്പിനു മുകളില്‍ വിശ്രമിച്ചിരുന്ന ജേക്കബ് ഡയമണ്ടിനെ ഏഴാമത്തെ നിസാമായ ഉസ്മാന്‍ അലി ഖാന്‍ വീണ്ടെടുക്കുകയും കാലങ്ങളോളം പേപ്പര്‍ വെയിറ്റായി ഉപയോഗിക്കുകയുമായിരുന്നു. അത്രമേല്‍ ആഡംബരം നിറഞ്ഞതായിരുന്നു ഏഴാമത് ഹൈദരാബാദ് നിസാമായിരുന്ന മിര്‍ ഉസ്മാന്‍ അലി ഖാന്റെ ജീവിതം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായിരുന്നു അദ്ദേഹം.

എന്നാൽ, 1948-ല്‍ ഹൈദരബാദ് സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറി. 1971-ല്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നിസാം എന്ന പദവി എടുത്തു കളഞ്ഞു. പുതിയ നികുതി കൂടെ ചുമത്തിയതോടെ നിസാമുകളുടെ കഥ മാറി. സുവര്‍ണകാലത്ത് നിന്ന് തകര്‍ച്ചയിലേക്കുള്ള യാത്രയായിരുന്നു പിന്നീട്‌

കുഞ്ഞ് മുഖറം ജാ

ഔദ്യോഗികമായി താനാണ് നിസാമെങ്കിലും 1948-നു ശേഷം ഭരിക്കാന്‍ ഒന്നുമില്ലായിരുന്നുവെന്ന് മുഖറം തന്റെ ജീവചരിത്രം രചിച്ച ജോണ്‍ സുബ്രിസിക്കിയോട് വെളിപ്പെടുത്തിയിരുന്നു. 1967-ല്‍ ഏഴാം നിസാം വിട വാങ്ങുമ്പോള്‍ മുഖറം ജാ ബഹദൂറിന് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ വളരെ വലുതായിരുന്നു. ഉസ്മാന്‍ അലി ഖാന്റെ മക്കള്‍ക്ക് ലഭിക്കാതെ പോയ പദവികളായിരുന്നു മുഖറത്തിനെ തേടിയെത്തിയത്. വില മതിക്കാനാകാത്ത സ്വത്തുകളുടെ അവകാശത്തര്‍ക്കത്തിന്റെ പേരില്‍ കോടതി വ്യവഹാരങ്ങളായിരുന്നു പിന്നീടുള്ള മുഖറത്തിന്റെ ജീവിതം. നിയമാനുസൃതമായി 34 കുട്ടികളുണ്ടായിരുന്നു ഉസ്മാന്‍ അലി ഖാന്. എന്നാല്‍ മുക്കറത്തിന്റെയടുത്ത് അവകാശം തേടിയെത്തിയ മുറവിളികളില്‍ മക്കളും പേരക്കുട്ടികളുമടക്കം നൂറിലധികം പേരുണ്ടായിരുന്നു.

1933 ഒക്ടോബര്‍ ആറാം തീയതി ഫ്രാന്‍സിലായിരുന്നു മുഖറത്തിന്റെ ജനനം. രണ്ടു രാജകുടുംബങ്ങളുടെ സംഗമമായിരുന്നു മുഖറം ജാ. പിതാവ് ഹൈദരാബാദ് നിസാമിന്റെ മകന്‍ അസം ജായും മാതാവ് തുര്‍ക്കിയിലെ അവസാന ഖലീഫ അബ്ദുള്‍ മജീദ് രണ്ടാമന്റെ മകള്‍ ദുരു ഷെവായും. ഡെറാഡൂണിലെ ഡൂണ്‍ സ്‌കൂളിലും പിന്നീട് കാംബ്രിഡ്ജിലെ ഹാരോയിലും പീറ്റര്‍ഹൗസിലും വിദ്യാഭ്യാസം നേടി. പിന്നീട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിലും റോയല്‍ മിവിട്ടറി അക്കാദമി സാന്‍ഡ്ഹര്‍സ്റ്റിലും പഠിച്ചു. 1959-ലായിയരുന്നു തുര്‍ക്കി രാജകുമാരി എസ്രയുമായുള്ള വിവാഹം.

എനിക്ക് ഈ സ്ഥലം ഇഷ്ടമാണ്, കണ്‍വെട്ടത്ത് ഒരു ഇന്ത്യക്കാരന്‍ പോലുമില്ല; ഓസ്‌ട്രേലിയന്‍ ജീവിതം

സ്വത്തിന്റെ പേരിലുള്ള അസംഖ്യം നിയമയുദ്ധങ്ങള്‍ അദ്ദേഹത്തെ മടുപ്പിച്ചിരുന്നു. എസ്രയുമായുള്ള വിവാഹശേഷം മുഖറം ഓസ്‌ട്രേലിയയിലെ 2,00,000 ഏക്കര്‍ വിസ്തൃതിയിലുള്ള ഒരു ഫാമിലേക്ക് താമസം മാറി. എന്നാല്‍ ആ ദാമ്പത്യം ഏറെ നാള്‍ നീണ്ടു നിന്നില്ല. 1973-ല്‍ ഇരുവരും പിരിഞ്ഞു.

'എനിക്ക് ഈ സ്ഥലം ഇഷ്ടമാണ്, തുറസ്സായ പ്രദേശം, കണ്‍വെട്ടത്തൊന്നും ഒരു ഇന്ത്യക്കാരന്‍ പോലും ഇല്ല.'- ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് മുഖറം പറയുമ്പോള്‍ ഏഷ്യാ വൻകരയിൽ, ഹൈദരാബാദില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഭരണാധികാരികളും ചേര്‍ന്ന് മുഖറത്തിന്റെ സ്വത്തുക്കള്‍ കൊള്ളയടിക്കുകയായിരുന്നു.

പിന്നീട് ഓസ്‌ട്രേലിയക്കാരി ഹെലന്‍ സിമ്മണ്‍സിനെ വിവാഹം ചെയ്തു. ആ ദാമ്പത്യത്തിനും ആയുസ്സ് ചെറുതായിരുന്നു. 1989-ല്‍ തന്റെ കാമുകനില്‍ നിന്നും എയ്ഡ്‌സ് രോഗം ബാധിച്ച് ഹെലനും മരണത്തിന് കീഴടങ്ങി.

സ്വപ്‌നതുല്യമായ ജീവിതത്തിന് കാലിടറി തുടങ്ങിയ വര്‍ഷങ്ങളായിരുന്നു പിന്നീട്. മുഖറം കൈവച്ച ഓരോ ബിസിനസ്സ് സംരംഭവും നഷ്ടത്തിലാണ് കലാശിച്ചത്. ദശലക്ഷക്കണക്കിന് ഡോളറുകളാണ് ആടു ഫാമിന് വേണ്ടി അദ്ദേഹം നിക്ഷേപിച്ചിരുന്നത്. സ്വര്‍ണഖനി, വെസ്റ്റ് പടിഞ്ഞാറന്‍ പെര്‍ത്തിലെ ആഡംബര കോട്ട, ഉല്ലാസനൗക എന്നിങ്ങനെ വിലമതിപ്പുള്ള പലതും ഓസ്‌ട്രേലിയന്‍ മണ്ണില്‍ അദ്ദേഹം സ്വന്തമാക്കി. ഇവയെല്ലാം മുഖറത്തിന് പിഴച്ച നീക്കങ്ങളായിരുന്നു.

കടം കുമിഞ്ഞുകൂടിയതോടെ 20 വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ജീവിതത്തില്‍നിന്നും കടം നല്‍കിയവരെ പേടിച്ചും തുര്‍ക്കിയിലേക്ക് ഒളിച്ചോടാനായിരുന്നു ഹൈദരാബാദ് എട്ടാം നിസാമിന്റെ വിധി.

തുര്‍ക്കി സുന്ദരിയടക്കം അഞ്ച് വിവാഹങ്ങള്‍, ഇരുമുറി ഫ്‌ളാറ്റിലെ ഏകാകിയായ ജീവിതം

കടം പെരുകിയാണ് ഓസ്‌ട്രേലിയ വിട്ടതെങ്കിലും തുര്‍ക്കിയില്‍ ശക്തമായ ബന്ധങ്ങളുണ്ടായിരുന്നു മുഖറത്തിന്. ഒട്ടോമന്‍ സാമ്രാജ്യത്തിലെ അവസാന ഖലീഫയുടെ മകളായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. മുന്‍ തുര്‍ക്കി സുന്ദരി മനോല്യ ഓനൂറായിരുന്നു അദ്ദേഹത്തിന്റെ മൂന്നാം ഭാര്യ. എന്നാല്‍ സ്വത്തിന്റെ കണക്കുകള്‍ ഇവിടെയും വില്ലനായി. മനോല്യയും മകള്‍ നിലൗഫറും വർഷങ്ങളോളം തങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതായി പറയുന്ന സ്വത്തിനുവേണ്ടി നിയമപോരാട്ടത്തില്‍ ഏര്‍പ്പെട്ടു. ഇതിനായി അവര്‍ ഹൈദരാബാദില്‍ താമസിച്ചു. എന്നാല്‍ മുഖറവും മുഖറത്തിന്റെ കുടുംബവുമായി അവര്‍ പരമാവധി അകന്നിരുന്നു. 2017-ല്‍ മനോല്യയും അന്തരിച്ചു. പിന്നീട് രണ്ട് വിവാഹങ്ങൾ കൂടെ അദ്ദേഹം കഴിച്ചു.

1996-ല്‍ അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ വര്‍ധിച്ചതോടെ ആദ്യഭാര്യ എസ്രയുടെ അടുത്തേക്ക് തന്നെ മുഖറം തിരിഞ്ഞു. തന്റെ ശിഥിലമായ കൊട്ടാരങ്ങളും സമ്പത്തും തിരികെപിടിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. സമര്‍ത്ഥമായിരുന്നു അത്. കൃത്യമായ ഇടപെടലുകളിലൂടെ എസ്ര തന്റെ ജോലി പൂര്‍ത്തീകരിക്കുന്നുണ്ട്. ടാജ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രശസ്തമായ ഫലക്‌നുമാ കൊട്ടാരം പുനഃസ്ഥാപിച്ചു. ഇന്ന് ടാജ് ഗ്രൂപ്പിന്റെ ഏറ്റവും വിലപിടിപ്പുള്ള ഹോട്ടലുകളുലൊന്നാണ് ഫലക്‌നുമ.

ഓരോ കാര്യങ്ങളിലും അവര്‍ ഇടപെട്ടു. ഫര്‍ണീച്ചറുകള്‍ നീക്കാന്‍ പോലും സഹായിച്ചു. ഒരു സാധാരണ ജോലിക്കാരിയെ പോലെ താന്‍ കഠിനാധ്വാനം ചെയ്തുവെന്നാണ്‌ ഇതേക്കുറിച്ച് പിന്നീട് എസ്ര വ്യക്തമാക്കുന്നത്. ' അമ്മയായിരുന്നു കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. പക്ഷേ എല്ലാത്തിനും ആവശ്യമായ സാമ്പത്തിക സഹായം അച്ഛന്‍ നല്‍കി. ഇത് ഒരു കുടുംബത്തിന്റെ പ്രയത്‌നമാണ്‌.' തങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ കുറിച്ച് മുഖറം-എസ്ര ദമ്പതികളുടെ ആദ്യ മകന്‍ അസ്മത്ത് ടെലിഗ്രാഫിനോട് വ്യക്തമാക്കിയതായിരുന്നു ഈ വാക്കുകള്‍.

തുര്‍ക്കിയിലെ ഇരുമുറി ഫ്‌ളാറ്റില്‍ ഏകാകിയായ ജീവിതമായിരുന്നു തന്റെ അവസാനകാലത്ത്‌ മുഖറിന്റേത്. മൂന്ന് പതിറ്റാണ്ടുകാലം അദ്ദേഹം ഇവിടെ ജീവിച്ചു.

1948-ലെ പത്ത് ലക്ഷം പൗണ്ട്; 70 വര്‍ഷം നീണ്ട ഇന്ത്യ-പാക് പോരാട്ടം

വിഭജനകാലത്ത് ഇന്ത്യയ്‌ക്കൊപ്പം ചേരാതെ ഒറ്റയ്ക്ക് നില്‍ക്കാന്‍ തീരുമാനിച്ച ഹൈദരബാദ് നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍ അന്നത്തെ പാക് ഹൈക്കമ്മീഷണറുടെ ലണ്ടനിലെ അക്കൗണ്ടിലേക്ക് 10 ലക്ഷം പൗണ്ട് കൈമാറി. ഈ സ്വത്തിന്റെ പേരിലാണ് നീണ്ട 70 വര്‍ഷം കേസ് നടന്നതും ഒടുവില്‍ ഇന്ത്യക്ക് അനുകൂലമായി വിധിയുണ്ടായതും. ഈ സ്വത്തില്‍ നൈസാമിന്റെ ഏഴാമത്തെ ചെറുമകന്‍ അവകാശമുന്നയിച്ചിരുന്നു. പാകിസ്താനും അതില്‍ അവകാശം ഉന്നയിച്ചു.

2013-ല്‍ പണത്തില്‍ അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍ വീണ്ടും കോടതി കയറി. ഹൈദരബാദ് പിടിച്ചെടുക്കും മുമ്പ് നൈസാമിന് ആയുധങ്ങള്‍ നല്‍കിയതിന് പകരമായി നല്‍കിയ പണമാണിതെന്നായിരുന്നു പാകിസ്താന്റെ പ്രധാന വാദം. അതിനാല്‍ ഇത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന പാക് വാദം കോടതി തള്ളി. ആയുധത്തിന് പകരമായി നല്‍കിയ തുകയാണിതെന്നുള്ളതിന് തെളിവില്ലെന്ന് കണ്ടാണ് കോടതി തള്ളിയത്. ഇത് നിസാമിന്റെ ആഗ്രഹത്താലാണെന്നുമായിരുന്നു പാകിസ്താന്റെ വാദം. എന്നാല്‍ 2018-ല്‍ ഇന്ത്യയും മുഖറവും സഹോദരന്‍ മുഫക്കവും ഒന്നിച്ച് പാകിസ്താനെതിരെ വാദിച്ചു. ഒരു വര്‍ഷത്തിനപ്പുറം 2019-ല്‍ ഇന്ത്യക്ക് അനുകലമായി യു.കെ. ഹൈക്കോടതി വിധി പ്രസ്താവിച്ചു. പലിശയടക്കം 35 മില്യണ്‍ പൗണ്ട്(305 കോടി രൂപ) ഇന്ത്യക്ക് അനുകൂലമായി വിധിച്ചു.

എത്രയാണ് അവസാന നിസാമായ മുഖറം ജായുടെ സമ്പത്ത്? കൃത്യമായ വിവരം ഇതേക്കുറിച്ച് ലഭ്യമല്ല. 218 കോടി രൂപയ്ക്കാണ് ഇന്ത്യ നിസാമിന്റെ ആഭരണങ്ങള്‍ സ്വന്തമാക്കുന്നത്. അടുത്ത കാലത്തായി വീണ്ടെടുത്ത സ്വത്തുക്കളില്‍ 1900 മോഡല്‍ റോള്‍സ് റോയ്‌സ് സില്‍വര്‍ ഗോസ്റ്റും നാപിയര്‍ എല്‍76-ഉം അടക്കമുള്ള ആഡംബര കാറുകളും ഉണ്ടായിരുന്നു. അവസാനകാലത്ത്‌ അദ്ദേഹം പ്രമേഹബാധിതനായിരുന്നു. ഇസ്താന്‍ബുളില്‍നിന്ന്‌ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന മൃതദേഹം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് തെലങ്കാന സര്‍ക്കാര്‍.

'വലിയ സമ്പത്തുള്ള പാരമ്പര്യമായിരുന്നു മുഖറം ജായുടേത്. എന്നാല്‍, അത് തകര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു പൈതൃകമായിരുന്നു. ബിസിനസ്സിലുള്ള അദ്ദേഹത്തിന്റെ വിവേകം കണക്കിലെടുക്കുമ്പോള്‍ സ്ഥിതി അനുകൂലമാകാന്‍ ബുദ്ധിമുട്ടാണ്.' മുഖറം ജായെക്കുറിച്ച് ജോണ്‍ സുബ്രിസിക്കി പറഞ്ഞ വാക്കുകളാണിത്. തന്റെ ജീവിതത്തെ വിധി മാറ്റിമറിച്ചതിനെ ദാർശനികമായി കാണാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.

Content Highlights: Hyderabad Nisam, Mukarram Jah, Mir Osman Ali Khan, India, Pakistan, Turkey


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023

Most Commented