ഡി.സി.പി ജോയൽ ഡേവിസ്, ഇൻസൈറ്റിൽ സിസിടിവി ദൃശ്യം
ഹൈദരാബാദ്: തെലുങ്കാന രാഷ്ട്രീയത്തെ ഇളക്കിമറച്ച ഹൈദരാബാദ് കൂട്ട ബലാത്സംഗക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രായപൂര്‍ത്തിയാവാത്ത നാല് പേര്‍ക്കും ജാമ്യം. എം.എല്‍.എയുടെ മകനടക്കമുള്ളവര്‍ക്കാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എല്ലാ മാസവും തിങ്കളാഴ്ച ജില്ലാ പ്രോബേഷന്‍ ഓഫീസറുടെ മുന്‍പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം.
ഹൈദരാബാദ് ജൂബിലി ഹില്‍ ഭാഗത്ത് വെച്ച് മെയ് 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പബ്ബില്‍ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന 17 കാരിയെ കയറ്റിക്കൊണ്ടുപോയി ഇന്നോവ കാറില്‍ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് കേസ്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ഉള്‍പ്പെടെ ആറുപേരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള കുട്ടികള്‍ എന്ന നിലയില്‍ വലിയ പ്രതിഷേധം സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് ജൂണ്‍ ആദ്യ ആഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത്. തുടര്‍ന്ന് കോഫി ഷോപ്പിലും കേക്ക് ഷോപ്പിലും പോയി. ഇവിടെ നിന്നും ഇന്നോവ കാറിലേക്ക് മാറുകയും വാഹനം പാര്‍ക്ക് ചെയ്ത് മാറി മാറി പ്രതികള്‍ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൂടെയുള്ളവര്‍ പുറത്ത് കാവല്‍ നില്‍ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമ കേസ് ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് ഇത് ബലാത്സംഗക്കേസാക്കി മാറ്റി രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ ആറ് പേരാണ് അറസ്റ്റിലായിരുന്നത്. സാദുദ്ദീന്‍ മാലിക്ക് എന്നയാള്‍ക്ക് മാത്രമാണ് പ്രായപൂര്‍ത്തിയായത്. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വ്യക്തി ജാമ്യത്തിനായി തെലങ്കാന ഹൈക്കോടതിയെ സമീപിക്കും
വരെ ഇയാള്‍ ജുവനൈല്‍ ഹോമില്‍ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ചന്ദ്രശേഖര റാവു സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..