ന്യൂഡൽഹി:  വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികരണവുമായി ബി.ജെ.പി നേതാവ് മേനക ഗാന്ധി. അവരെ (പ്രതികളെ) എന്തുവന്നാലും കോടതി തൂക്കിക്കൊല്ലാൻ വിധിച്ചേനെ. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിനുമുമ്പ് അവരെ വെടിവെച്ച് കൊലപ്പെടുത്താനാണെങ്കില്‍, കോടതികളും നിയമവും എന്തിനാണെന്നും അവര്‍ ചോദിച്ചു.

നവംബര്‍ 28ന് ആണ് 26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്നഗര്‍ ദേശീയപാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ പിന്നീട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സൈബരാബാദ് പോലീസ് വ്യക്തമാക്കി.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോഴാണ് സംഭവം. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Content Highlights: Hyderabad encounter horrifying, cannot kill people because you want to says Maneka Gandhi