ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 25 വിദ്യാര്‍ഥികള്‍ക്ക് ജാമ്യം. വിദ്യാര്‍ഥികള്‍ 5000 രൂപ കെട്ടിവയ്ക്കണമെന്നും എല്ലാ ശനിയാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയോടെയുമാണ് ജാമ്യം അനുവദിച്ചത്. 

വിദ്യാര്‍ഥികള്‍ക്ക് പുറമെ അറസ്റ്റിലായ രണ്ട് അധ്യാപകര്‍ക്കും ജാമ്യം ലഭിച്ചു. മിയാര്‍പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.

 മാര്‍ച്ച് 23നാണ് വിദ്യാര്‍ഥികളുടെ അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. രോഹിത് വെമുലയുടെ ആത്മഹത്യ വിഷയത്തില്‍ ആരോപണ വിധേയനായ വൈസ് ചാന്‍സലര്‍ അപ്പാറാവു യൂണിവേഴ്‌സിറ്റിയില്‍ തിരികെ എത്തിയതിനെതിരെ നടത്തിയ പ്രതിഷേധങ്ങളുടെ പേരിലാണ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായത്.

പ്രതിഷേധം അതിരുവിട്ടതോടെ വൈസ്ചാന്‍സലറുടെ ഓഫിസ് വിദ്യാര്‍ഥികള്‍ അടിച്ച് തകര്‍ത്തിരുന്നു. വിദ്യാര്‍ഥി പ്രതിഷേധത്തേ തുടര്‍ന്ന് അപ്പാറാവു അവധിയില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു.