കോവിഡ് 19 ജീവിതത്തെ വഴിമുട്ടിലാക്കിയെങ്കിലും ഉളളിലെ നന്മ മറന്ന് പ്രവര്‍ത്തിക്കാന്‍ മുഹമ്മദ് ഹബീബിന് കഴിയുമായിരുന്നില്ല. തനിക്ക് കിട്ടിയ പണമടങ്ങിയ ബാഗുമായി ഉടമയെത്തേടി നഗരം മുഴുവന്‍ കറങ്ങാനും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ പോലീസ് സ്റ്റേഷനിലെത്താനും ഹബീബിനെ പ്രേരിപ്പത് ആ നല്ല മനസ്സാണ്.
ഹൈദരാബാദിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മുഹമ്മദ് ഹബീബ്. കോവിഡ് 19 പ്രതികൂലമായി ബാധിച്ചത് ഹബീബിനെപ്പോലുളള നിരവധി ദിവസവേതനക്കാരുടെ ജീവിതത്തെക്കൂടിയാണ്. രണ്ടുമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തെ പോറ്റണം, ഓട്ടോ ഉടമയ്ക്ക് നിത്യവും കൊടുക്കാനുളള വാടകയ്ക്കുളള പണം കണ്ടെത്തണം. ഓട്ടോയുമായി പുറത്തിറങ്ങുമ്പോള്‍ എന്നും ഹബീബിന്റെ മനസ്സില്‍ തടയാറുളളത് ഈ രണ്ടുവിചാരങ്ങള്‍ മാത്രമാണ്.
അന്നും പതിവുപോലെ ഓട്ടോയുമായിറങ്ങിയ ഹബീബിനെ സിദ്ദിയാംബര്‍ ബസാറിലേക്ക് രണ്ടു സ്ത്രീകള്‍ ഓട്ടം വിളിച്ചു. അവരെ സ്ഥലത്തിറക്കി തിരികെ മടങ്ങിയ ഹബീബ് വെളളം കുടിക്കാനായി കുപ്പിയെടുക്കാന്‍ ബാക് സീറ്റിന്റെ അടുത്തെത്തിയപ്പോഴാണ് സീറ്റിലെ ബാഗ് കാണുന്നത്. ബാഗിലെന്താണെന്നറിയാതെ ഭയന്ന ഹബീബ് ഉടന്‍ സ്ത്രീകളെ ഇറക്കിയ ഇടത്തേക്ക് തന്നെ തിരിച്ചുപോയി നോക്കിയെങ്കിലും അവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് തന്റെ ഓട്ടോ ഉടമയുടെ അടുത്തേക്ക് ഹബീബ് എത്തി. രണ്ടുപേരും കൂടി ബാഗ് തുറന്നുനോക്കിയപ്പോഴാണ് അതില്‍ പണമാണെന്ന് കണ്ടെത്തിയത്.
യാത്രക്കാരെ തിരഞ്ഞുനടക്കുന്നതിനേക്കാള്‍ നല്ലത് പോലീസ് സ്‌റ്റേഷനെ സമീപിക്കുന്നതാണെന്ന് മനസ്സിലാക്കിയ ഹബീബ് ബാഗുമായി പോലീസ് സ്‌റ്റേഷനിലെത്തി. ബാഗ് നഷ്ടപ്പെട്ട സ്ത്രീയും ഹബീബ് എത്തുന്നതിന് മുമ്പുതന്നെ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. യാത്രക്കാരെ തിരിച്ചറിഞ്ഞ ഹബീബ് ബാഗ് അവരെ ഏല്‍പ്പിച്ചു. 1.4 ലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത്.
സന്തോഷസൂചകമായി അവര്‍ 5000 രൂപയും ഹബീബിന് സമ്മാനിച്ചു. 'ബാഗ് തിരിച്ചുകിട്ടിയപ്പോള്‍ അവര്‍ക്ക് വളരെ സന്തോഷമായി. അവര്‍ എന്നോട് നന്ദി പറഞ്ഞു. അവരെ ഇറക്കി മടങ്ങും വഴി യാത്രക്കാര്‍ ഒന്നും ഓട്ടോയില്‍ കയറാതിരുന്നത് നന്നായി.' ഹബീബ് പറയുന്നു. ഹബീബിനെ ഷാളും മാലയും അണിയിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ആദരിച്ചിരുന്നു
ഓട്ടോയില്‍ മറന്നുവെച്ച ബാഗ് ഹബീബ് യാത്രക്കാര്‍ക്ക് തിരികെയെത്തിക്കുന്നത് ഇതാദ്യമായല്ല. ഒരും റംസാന്‍ കാലത്ത് ഒരു ബാഗ് നിറയെ വസ്ത്രങ്ങള്‍ മറന്നുവെച്ചവര്‍ക്ക് ഹബീബ് അത് തിരികെയെത്തിച്ച് നല്‍കിയിരുന്നു.
Content Highlights Hyderabad auto rickshaw driver returned money to passenger