ശ്രീനഗർ: തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പണം കണ്ടെത്താൻ മെഡിക്കൽസീറ്റ് വിൽക്കുന്നു എന്ന ആരോപണം തള്ളി ജമ്മു കശ്മീർ ഐക്യമുന്നണി ഹുറിയത്.

മുന്നണിയ്ക്ക് നേരെ ഉയർന്ന ആരോപണം പൂർണ്ണമായും തള്ളിക്കളയുന്നു. മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങളിൽ അപലപിക്കുന്നു. ഇതിന് പിന്നിൽ ഹുറിയത് നേതാക്കളുണ്ട് എന്ന ആരോപണങ്ങളും വാദങ്ങളും തള്ളിക്കളയുന്നുവെന്ന് ഹുറിയത് നേതാവ് മിർവൈസ് ഉമർ ഫറൂഖ് പറഞ്ഞു.

ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി ഹുറിയത് നേതാക്കൾ പാകിസ്താനിലെ മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശനം കച്ചവടമാക്കുന്നുവെന്നായിരുന്നു ഹുറിയത് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണം.

നേരത്തെ മെഡിക്കൽ സീറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട് കശ്മീരിൽ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കശ്മീരിലെ വിദ്യാഭ്യാസ ഏജൻസികളുമായി ചേർന്ന് പ്രവർത്തിച്ച നാല് പേരെയാണ് ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത്. സീറ്റിന് 10 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് ഇവർ വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Content Highlights: Hurriyat rejects allegations of involvement in selling seats