ഹരിദ്വാറിലെ ഹർ കി പൗരി ഘട്ടിൽ ഗംഗ ദസറ ഉത്സവത്തോടനുബന്ധിച്ച് തീർത്ഥാടകർ ഗംഗാ നദിയിൽ സ്‌നാനം ചെയ്യുന്നു. | Photo: PTI
ഹരിദ്വാര്‍: ഗംഗ ദസറ ദിനത്തില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗംഗാ തീരത്ത് നൂറ് കണക്കിന് തീര്‍ത്ഥാടകര്‍ സ്‌നാനം നടത്തി. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച തീര്‍ത്ഥാടകരില്‍ പലരും മാസ്‌ക് പോലും ധരിച്ചിരുന്നില്ല. ഫാറൂഖാബാദിലെ പഞ്ചല്‍ ഘട്ടില്‍ തീര്‍ത്ഥാടകര്‍ സ്‌നാനം നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഉത്സവത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും സമീപ ജില്ലകളില്‍ നിന്നുള്ള ആളുകള്‍ സ്‌നാനത്തിനായി ഫറൂഖാബാദിലേക്ക് എത്താറുണ്ട്. ഭക്തരുടെ തിരക്ക് പ്രതീക്ഷിച്ച് ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഗംഗ സ്നാനത്തിനായി വലിയ ജനക്കൂട്ടം എത്തിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പലരും വീഴ്ച വരുത്തിയെന്നും തീര്‍ത്ഥാടകരിലൊരാള്‍ പ്രതികരിച്ചു.
' ആരും ഇവിടെ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. ഞാന്‍ ജാഗ്രത പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നു. ഇവിടെ വരുന്നവര്‍ കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും തയ്യാറാകണം. കൊറോണ വൈറസ് ഇതുവരെ പോയിട്ടില്ല.'- തീര്‍ത്ഥാടകനായ ഗൗരവ് പറഞ്ഞു.
ഹരിദ്വാറില്‍ ഗംഗ ദസറയുടെ ഭാഗമായി തീര്‍ത്ഥാടകര്‍ ഹര്‍ കി പൗരി ഘട്ടിലാണ് സ്‌നാനം നടത്തിയത്. ഇവിടെയും ആളുകള്‍ ശരിയായ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല. തീര്‍ത്ഥാടകര്‍ സ്‌നാന ഘട്ടങ്ങളില്‍ സാമൂഹിക അകലം പാലിക്കുകയോ മാസ്‌ക് ധരിക്കുകയോ ചെയ്തിരുന്നില്ല.
ഗംഗ ദസറയുടെ ഭാഗമായി വീടുകളില്‍ തന്നെ സ്‌നാനം നടത്താന്‍ അഭ്യര്‍ഥിച്ചിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അതിര്‍ത്തികളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ള ആളുകളെ മാത്രമേ അനുവദിക്കുന്നുള്ളു എന്നും മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്‌നാന ഘട്ടത്തിലുള്ള ആളുകളോട് അഭ്യര്‍ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Hundreds take holy dip in Ganga in Haridwar, Farrukhabad flouting Covid-19 norms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..