കൊല്‍ക്കത്ത: രാജ്യവ്യാപക ലോക്ക് ഡൗണിനിടെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ പോലീസ് സംഘടിപ്പിച്ച റാലിയില്‍ അണിനിരന്നത് നൂറുകണക്കിന് പേര്‍. സാമൂഹ്യ അകലം പാലിക്കാതെ വന്‍ ജനക്കൂട്ടം റാലിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഹൗറയെ ഗ്രീന്‍ സോണായി മാറ്റാന്‍ ലക്ഷ്യമിടുന്ന 'ഹോറ ഓപ്പറേഷന്‍ കോവിഡ് സീറോ' പദ്ധതിയുടെ ഭാഗമായി പോലീസും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.  

നടപടി വിവാദമായതോടെ വിശദീകരണവുമായി പോലീസ് രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ സ്ഥലത്തെത്തിയപ്പോള്‍ ജനങ്ങള്‍ ഒപ്പംകൂടുകയും റാലിയായി നടന്നു നീങ്ങുകയും ചെയ്തതാണെന്ന് എസിപി അലോക് ദാസ് ഗുപ്ത അവകാശപ്പെട്ടു. എല്ലാവരോടും വീടുകളില്‍ പോകാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും ആരും അതിന് തയ്യാറായില്ലെന്നും എസിപി പറയുന്നു. 

ആറു ദിവസം മുമ്പ് ഹൗറയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ച പോലീസ് സംഘത്തെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. സംഭവത്തില്‍ 13 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. സംഘര്‍ഷമുണ്ടായ പ്രദേശത്താണ് പോലീസിന്റെ നേതൃത്വത്തില്‍ റാലി നടന്നത്. 

പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ കാര്യക്ഷമമായി നടപ്പാകുന്നില്ലെന്ന വിമര്‍ശം നേരത്തെ തന്നെയുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിന് നിരവധി തവണ കത്തയച്ചിരുന്നു. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിലെ വീഴ്ചകള്‍ സംഭന്ധിച്ച രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ ബംഗാളിലേക്ക് പിന്നീട് കേന്ദ്രം പ്രത്യേക സംഘത്തെ അയയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് 19 ഹോട്ട് സ്‌പോട്ടാണണ് പശ്ചിമ ബംഗഗാളിലെ ഹൗറ ജില്ല.

Content Highlights: Hundreds of people participated in a march called by Police in Howrah