-
ചെന്നൈ: മുസ്ലിം സംഘടനകള്‍ നടത്തിയ സമരത്തിന് നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജിന് പിന്നാലെ ചെന്നൈയിൽ പ്രതിഷേധം ശക്തിപ്പെട്ടു. പഴയ വണ്ണാരപ്പേട്ടയില്‍ ഡല്‍ഹിയിലെ ഷഹീന്‍ ബാഗ് മാതൃകയില്‍ പൗരത്വനിയമഭേദഗതിക്കെതിരേ നൂറുകണക്കിന് സ്ത്രീകളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
പോലീസ് വെള്ളിയാഴ്ച രാത്രി നടത്തിയ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് നടപടിക്കെതിരേ ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. നടപടിയില്‍ അപലപിച്ച സ്റ്റാലിന്‍ പ്രതിഷേധക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. ജനാധപത്യ രീതിയില്‍ സമാധാനപരമായി പ്രതിഷേധിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധത്തില്‍ പങ്കെടുത്ത 120-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈയില്‍ വിവിധയിടങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി. ആലന്തൂര്‍ മെട്രോ സ്റ്റേഷന്‍, കത്തിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇവിടങ്ങളിലെല്ലാം വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സമരം ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കമുള്ള ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. സമരം ഉടന്‍ അവസാനിപ്പിച്ചുപോകണമെന്ന് പ്രതിഷേധക്കാരോട് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് പ്രതിഷേധക്കാര്‍ തയ്യാറായില്ല. പൗരത്വനിയമത്തിനും എന്‍.ആര്‍.സി.ക്കുമെതിരേ പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. രാത്രിയായിട്ടും സമരക്കാര്‍ പിന്‍വാങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. 15 ദിവസത്തേക്ക് ചെന്നൈയില്‍ പ്രതിഷേധങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി വ്യാഴാഴ്ച കമ്മിഷണര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു.
Comtent Highlights: Hundreds of people continue their overnight protest against CAA in Chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..