ന്യൂഡൽഹി: ഒരേ റൺവേയിൽ നിന്ന് ഒരേസമയം രണ്ട് വിമാനങ്ങൾ കുതിച്ചുയരാനിരുന്നത് ആശങ്ക പടർത്തി. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് ഒരേ റൺവേയിൽ നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്നത്. എന്നാൽ അവസാന നിമിഷത്തിലുണ്ടായ ഇടപെടലിനെ തുടർന്ന് വന്‍ ദുരന്തം ഒഴിവായി.

ദുബായിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇകെ -524 വിമാനവും ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ഇകെ 568  വിമാനവുമാണ് ഒരേ സമയം ഒരേ റൺവേയിൽ നിന്ന് പറന്നുയരാനൊരുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 9.45ന് പുറപ്പെടേണ്ട വിമാനങ്ങളായിരുന്നു രണ്ടും. രണ്ട് വിമാനങ്ങൾ തമ്മിൽ ടേക്ക് ഓഫിന് അഞ്ച് മിനിറ്റിന്റെ ഇടവേള മാത്രം ഉണ്ടായിരുന്നതായാണ് വിവരം. 

ദുബായിൽ നിന്നും ഹൈദരാബാദിലേക്കുള്ള ഇകെ - 524 വിമാനം ടേക്ക് ഓഫ് ചെയ്യാൻ വേണ്ടി റൺവേയിലേക്ക് തിരിയുമ്പോഴാണ് എതിരേ അതിവേഗത്തിൽ മറ്റൊരു വിമാനം വരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് എയർ ട്രാഫിക് കൺട്രോളർ (എടിസി) ഇടപെട്ട് ടേക്ക് ഓഫ് മാറ്റി വെക്കുകയായിരുന്നുവെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

സംഭവം ശ്രദ്ധയിൽ പെട്ടതോടെ സുരക്ഷിതമായി ടാക്സിവേയിലേക്ക് പ്രവേശിച്ച ദുബായ്-ഹൈദരാബാദ് വിമാനം അല്‍പ്പസമയത്തിനുശേഷം യാത്ര തുടരുകയായിരുന്നു. സംഭവത്തെക്കുറിച്ച് യുഎഇയിലെ എ.എ.ഐ.എസ്(Air Accident Investigation Sector) വിശദമായി അന്വേഷണം നടത്തിവരികയാണ്. ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതായി എമിറേറ്റ്സ് സ്ഥിരീകരിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 

Content Highlights: Hundreds of lives saved after collision between two India-bound flights averted