ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഫിറ്റ്‌നസ് വെല്ലുവിളി ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ തന്റെ ഫിറ്റ്‌നസ് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടു.ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച 'HumFitIndiaFit' ചലഞ്ച് കാമ്പയിന്റെ ഭാഗമായി താന്‍ ദിവസേന ചെയ്യുന്ന വ്യായാമ മുറകളും നടത്തവും കല്ലിലുരുണ്ടുള്ള പ്രത്യേക അഭ്യാസവും മറ്റുമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കു വെച്ചത്.

മെയ് 23 നാണ് വിരാട് കോലിയുടെ  ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് താന്‍ വീഡിയോ ഉടന്‍ പങ്കുവയ്ക്കും എന്ന് മോദി ട്വീറ്റ് ചെയ്തത്.

'രാവിലെയുള്ള എന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നീ അഞ്ച് പ്രകൃതി ഗുണങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ട്രാക്കിലാണ് താന്‍ നടക്കുന്നത്. ഇതിനു പുറമെ ശ്വസന വ്യായാമവും താന്‍ ചെയ്യുന്നുണ്ട്', മോദി ട്വിറ്ററില്‍ കുറച്ചു.

ഫിറ്റ്‌നസ് ചാലഞ്ചിനായ് കര്‍ണാടക മുഖ്യമന്ത്രി എച്ച ഡി കുമാരസ്വാമിയെയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ മണിക ബാദ്രയെയുമാണ് മോദി ക്ഷണിച്ചത്.

കോണ്‍ഗ്രസ്സ് പിന്തുണയോടെ ബിജെപിയെ തുരത്തി അധികാരത്തിലേറിയ കുമാരിസ്വാമി സര്‍ക്കാരിന്റെ ഫിറ്റ്നസ് ആണ് മോദി വ്യംഗ്യാര്‍ഥത്തില്‍ ചോദിച്ചതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പരക്കെയുടെ പ്രചാരം.

എന്നാല്‍ മോദിയുടെ ചാലഞ്ച് സ്വീകരിക്കുകയും നിരസിക്കുകയോ ചെയ്തില്ല കുമാരസ്വാമി. പകരം തന്റെ ആരോഗ്യത്തില്‍ ഇത്രയേറെ ശ്രദ്ധാലുവായ മോദിയോട് താന്‍ നന്ദി അറിയിക്കുന്നുവെന്നും താന്‍ ആദരിക്കപ്പെട്ടെന്നും കുമാരസ്വാമി ട്വിറ്ററിലൂടെ മറുപടി നല്‍കി.

ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആണ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. 'നമ്മള്‍ ഫിറ്റായിരുന്നാല്‍ രാജ്യവും ഫിറ്റായിരിക്കും. നിങ്ങളുടെ ഫിറ്റ്നസ് രഹസ്യം എന്താണ്, അതിന്റെ ചെറിയൊരു വീഡിയോ ചിത്രീകരിക്കുക എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുക' എന്ന് അറിയിച്ച് 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.

കോലിക്ക് പുറമേ ഹൃത്വിക്ക് റോഷന്‍, സൈന നേവാള്‍ എന്നിവരെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് വെല്ലുവിളി പ്രധാനമന്ത്രി ഏറ്റെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.നരേന്ദ്രമോദിയെ വെല്ലുവിളിച്ച് ട്വിറ്ററില്‍ തന്റെ ബി.എ, എം.എ, എം.ബി.എ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തd കോണ്‍ഗ്രസ് ദേശീയ വക്താവ് സഞ്ജയ് ഝാ നരേന്ദ്ര മോദിയെ ചാലഞ്ചിന് ക്ഷണിച്ചിരുന്നു. വിരാട് കോലിയുടെ ഫിറ്റ്നസ് ചലഞ്ചിനെ പ്രധാനമന്ത്രി ഏറ്റെടുത്തത് പോലെ ഈ ചലഞ്ചും നരേന്ദ്ര മോദി ഏറ്റെടുക്കുമെന്ന വലിയ പ്രതീക്ഷയിലാണ് താനുള്ളതെന്നും സഞ്ജയ് ഝാ അന്ന് ട്വീറ്റ് ചെയ്തിരുന്നു