ലക്‌നൗ: മനുഷ്യന് പ്രാധാന്യമുണ്ടെന്നും എന്നാല്‍ അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് പശു എന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കളുടെ പേരില്‍ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആദിത്യനാഥിന്റെ പ്രതികരണം. 

മനുഷ്യനും പശുക്കളും സംരക്ഷിക്കപ്പെടേണ്ടവരാണ്. രണ്ടിനും പ്രകൃതിയില്‍ അവരുടേതായ പങ്കുവഹിക്കാനുണ്ട്. എല്ലാ വ്യക്തികളും സമുദായങ്ങളും മതങ്ങളും മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കണം. മനുഷ്യന്റെയും പശുവിന്റെയുമടക്കം എല്ലാവരുടെയും ജീവന്‍ സംരക്ഷിക്കാന്‍ തന്റെ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് ആവശ്യമില്ലാതെ അമിത പ്രാധാന്യം നല്‍കുകയാണ്. നിയമപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണ്. മണ്‍പുറ്റിനെ പര്‍വ്വതമാക്കി കാണിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം വിലപ്പോവില്ല. ഇതിനെ ആള്‍ക്കൂട്ട ആക്രമണമെന്ന് വിളിക്കാന്‍ തുടങ്ങിയാല്‍ 1984ലെ സിഖ് വിരുദ്ധ കലാപത്തെ എന്തുവിളിക്കും?- ആദിത്യനാഥ് ചോദിച്ചു.

ലോക്‌സഭയില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെയും ആദിത്യനാഥ് വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ കുട്ടിക്കളിയെ രാജ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ പ്രസ്താവനകളും പ്രവൃത്തികളും അപക്വവും അവരുടെ യഥാര്‍ഥ സ്വഭാവം വെളിവാക്കുന്നതുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Humans are important but so are cows, Uttar Pradesh, Adityanath, mob lynching, cow vigilantes