ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈയാഴ്ച മധ്യത്തോടെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മനുഷ്യരിലെ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.  
 
പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം ഡോക്ടര്‍ വി. കെ. പോള്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ സംയുക്തമായാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്‌കോ ആസ്ഥാനമായ ഗമാലെയ ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക്-വി വികസിപ്പിച്ചെടുത്തത്. ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായാണ് വാക്‌സിന്‍ പരീക്ഷണത്തിന്റേയും വിതരണത്തിന്റേയും കരാര്‍. 100 ദശലക്ഷം ഡോസ് വാക്‌സിന്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആര്‍ഡിഐഎഫ് നല്‍കും. 

സ്പുട്‌നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തില്‍ ഉപയോഗിക്കാനുള്ള ലൈസന്‍സിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ബയോളജിക്കല്‍ ഇ വാക്‌സിനും മനുഷ്യരിലെ പരീക്ഷണത്തിനുള്ള ആദ്യഘട്ടങ്ങളിലാണ്. ഇന്ത്യയില്‍ അഞ്ചോളം കോവിഡ് വാക്‌സിനുകള്‍ വികസനഘട്ടത്തിലാണ്. ഇവയില്‍ നാലെണ്ണം പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.

Content Highlights: Human trials of Russia’s Covid-19 vaccine candidate to begin in India this week