മധുര : ഗുരുതരമായ രീതിയിൽ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കെ കോവിഡ് മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി ആളുകൾ കൂട്ടം കൂടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ് രാജ്യത്തെ പലയിടങ്ങളിലും. മധുരയിൽ അഞ്ച് പൈസക്ക് ബിരിയാണി വാങ്ങാനായി കൂട്ടം കൂടിയത് നൂറു കണക്കിന് പേരാണ്.

പെരിയാര്‍ പ്രദേശത്തെ  സുകന്യ ബിരിയാണി സ്റ്റാളാണ് കച്ചവടം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഉദ്ഘാടന ദിവസം വമ്പിച്ച ആദായവില്‍പന നടത്തിയത്. കടക്കാരെ ഞെട്ടിക്കും വിധം ഒരേ സമയം മുന്നൂറിലധികം ആളുകളാണ് കടക്കു മുന്നില്‍ തടിച്ചുകൂടിയത്. ഇത്രയധികം ആളുകളെ പ്രതീക്ഷിക്കാതിരുന്ന കടയുടമകൾക്ക് ഒടുവിൽ വേഗം ഷട്ടർ താഴ്ത്തേണ്ടിയും വന്നു. 

ആളുകൾ കൂട്ടം കൂടുന്നതു കണ്ട് സ്ഥലത്തെത്തിയതാണ് പോലീസ്. വിലക്കുറവില്‍ ബിരിയാണി കിട്ടുമെന്നറിഞ്ഞതോടെ ജനങ്ങള്‍ എത്ര എളുപ്പത്തിലാണ് കോവിഡ് മാനണ്ഡങ്ങള്‍ ലംഘിക്കുന്നതെന്ന ആശ്ചര്യത്തിലായിരുന്നു പോലീസും. പലരും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് അ‍ഞ്ചു പൈസയ്ക്കുള്ള ബിരിയാണി വാങ്ങാനെത്തിയത്.

അതിനിടെ ബിരിയാണി കിട്ടിയില്ലെന്ന പരാതിയാണ് സ്ഥലത്തെത്തിയ പോലീസുകാരോട് ചിലർക്ക് ബോധിപ്പിക്കാനുണ്ടായിരുന്നത്.

Content Highlights: Huge crowd gathers to buy Biryani for '5 paise' in Madurai