മുമ്പെങ്ങുമില്ലാത്തവിധം വൈദ്യുതി പ്രതിസന്ധിയുടെ വക്കിലാണ് രാജ്യമിപ്പോള്‍ കടന്നുപോകുന്നത്. കല്‍ക്കരി ശേഖരം തീരെ കുറവായതിനാല്‍ രാജ്യത്തെ 135 കല്‍ക്കരി വൈദ്യുത നിലയങ്ങളില്‍ പകുതിയിലധികവും പൂര്‍ണ ഉത്പാദനശേഷിയിലല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ 70% വൈദ്യുതിയും കല്‍ക്കരി ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ കേവിഡ് പ്രതിസന്ധിയില്‍ നിന്ന് പതിയെ കരകയറുന്ന രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ തകിടംമറിക്കാന്‍ സാധ്യതയുള്ളതാണ് ഈ പ്രതിസന്ധിയെന്നത് ആശങ്കയുണ്ടാക്കുന്ന ഒരു വസ്തുതയാണ്.

coal
കല്‍ക്കരി ഖനിയില്‍നിന്നുള്ള ദൃശ്യം| Photo: AFP 

എന്തുകൊണ്ട് കല്‍ക്കരി ക്ഷാമം?

ഇന്നും ഇന്നലെയും തുടങ്ങിയതല്ല കല്‍ക്കരി ക്ഷാമം. ഈ പ്രതിസന്ധി മാസങ്ങളായി നിലനില്‍ക്കുന്നതാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വീണ്ടും ഉയര്‍ന്നുവന്നപ്പോള്‍ വൈദ്യുതിയുടെ ആവശ്യവും കുത്തനെ ഉയര്‍ന്നു. 2019ലെ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇതേ കാലയളവില്‍ വൈദ്യുതി ഉപഭോഗം ഏകദേശം 17 ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷെ കല്‍ക്കരി ഉല്‍പാദനത്തിലെ മാന്ദ്യം തിരിച്ചടിയാകുകയായിരുന്നു. 

ലോകത്തിലെ നാലാമത്തെ വലിയ കല്‍ക്കരി ശേഖരമുള്ള രാജ്യമായിരുന്നിട്ടും ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആഗോളവിപണിയില്‍ കല്‍ക്കരി വില 40% വര്‍ദ്ധിച്ചതോടെ ഇന്ത്യയുടെ ഇറക്കുമതി രണ്ട് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് പോകുകയും ചെയ്തു. യൂറോപ്പിലും ചൈനയിലും അടക്കം കല്‍ക്കരി ഉപഭോഗം കൂടിയതോടെയാണ് ഇറക്കുമതിക്കുള്ള ചെലവും കൂടിയത്. 

coal
കല്‍ക്കരി ഖനിക്കുള്ളില്‍നിന്നുള്ള ദൃശ്യം| Photo: AFP 

സാധാരണയായി ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്ന വൈദ്യുത നിലയങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലെ കല്‍ക്കരി ഖനികളെ ആശ്രയിക്കേണ്ട സ്ഥിതി വന്നു. എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ പല കല്‍ക്കരി ഖനികളെയും വെള്ളത്തിലാക്കുകയും പ്രവര്‍ത്തനക്ഷമമല്ലാതാകുകയും ചെയ്തു. കനത്ത മഴയില്‍ കല്‍ക്കരി ഖനികളില്‍ വെള്ളം കയറിയതും പ്രധാനപ്പെട്ട ഗതാഗത പാതകള്‍ വെള്ളത്തില്‍ മുങ്ങിയതും തിരിച്ചടിയായി. അതോടെ കടുത്ത കല്‍ക്കരി ക്ഷാമത്തിലേക്ക് രാജ്യം നീങ്ങുകയും ചെയ്തു. 

താപനിലയങ്ങളിലെ സ്ഥിതി

16 താപനിലയങ്ങളില്‍(17,475 മെഗാവാട്ട്) കല്‍ക്കരി പൂര്‍ണമായി തീര്‍ന്നു.

45 നിലയങ്ങളില്‍(59,790 മെഗാവാട്ട്) രണ്ടു ദിവസത്തേക്കുണ്ട്.

മറ്റു വിവിധ നിലയങ്ങളില്‍(132 ജിഗാവാട്ട്) ക്ഷാമമുണ്ട്. പ്രതിസന്ധി നേരിടുന്ന 108 നിലയങ്ങളില്‍ 98-ഉം ഖനിയില്‍നിന്ന് ദൂരെയാണ്.

സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ താപവൈദ്യുത നിലയങ്ങളിലെ മൊത്ത കല്‍ക്കരി സംഭരണം സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 8.1 ദശലക്ഷം ടണ്ണായി കുറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 76% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം വാരത്തോടെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടുത്ത വൈദ്യുത പ്രതിസന്ധിയിലേക്കാകും രാജ്യം നീങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

electricity
Photo: Mathrubhumi 

ഉത്സവകാലം മുന്‍നിര്‍ത്തി വിവിധ മേഖകളില്‍ ഉത്പാദനം വര്‍ധിച്ചതും കൂടുതല്‍ പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയതും ഉപയോഗം കൂട്ടി. കല്‍ക്കരി താപനിലയങ്ങളെ ആശ്രയിക്കുന്നത് 2019-ലെ 61.9 ശതമാനത്തില്‍നിന്ന് 66.4 ശതമാനമായി ഉയരുകയും ചെയ്തു.

നിലയങ്ങളില്‍ 22 ദിവസത്തേക്കുള്ള കല്‍ക്കരി സൂക്ഷിക്കണമെന്ന നിര്‍ദേശം പാലിച്ചിരുന്നെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാനാകുമായിരുന്നുവെന്ന് കോള്‍ ഇന്ത്യ പറയുന്നു. ചൈന, ജപ്പാന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ ഊര്‍ജക്ഷാമം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വിലകൂടാന്‍ കാരണമായതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍

മറ്റു മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഊര്‍ജമന്ത്രാലയം. സ്വന്തം ഉപയോഗങ്ങള്‍ക്ക് കല്‍ക്കരി ഖനനംചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം സ്വതന്ത്ര വിപണിയില്‍ വില്‍ക്കാന്‍ അനുമതിനല്‍കിയിട്ടുണ്ട്. കല്‍ക്കരി തീര്‍ന്ന നിലയങ്ങളിലേക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ എത്തിക്കാനുള്ള നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഓസ്ട്രേലിയയില്‍നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാവാതെ കെട്ടിക്കിടക്കുന്ന കല്‍ക്കരി വാങ്ങാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയുടെ വൈദ്യുതി ഉദ്പാദന ശേഷി 388 ജിഗാവാട്ട്

കല്‍ക്കരി............ 52.6%

ലിഗ്നൈറ്റ് ................ 1.7%

ഗ്യാസ് ........................6.5%

ഡീസല്‍......................0.1%

ജലവൈദ്യുതി............12%

കാറ്റ്/സൗരോര്‍ജ്ജം....25.4%

ആണവോര്‍ജ്ജം.........1.7%

മഴ കുറയുന്നതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. അടുത്ത ആറ് മാസം വരെ ഈ പ്രതിസന്ധി തുടരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വേനല്‍ മാറി ഒക്ടോബര്‍ പകുതിയോടെ കാലാവസ്ഥ മാറുകയും തണുപ്പാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയാണ് പതിവ്.

പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ വലിയ പ്രതിസന്ധിയിലേക്ക് പോകാതെ കഷ്ടിച്ച് ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും ഊര്‍ജമന്ത്രി ആര്‍.കെ. സിങ് പറഞ്ഞു. മറ്റ് മന്ത്രാലയങ്ങളുമായി ചേര്‍ന്ന് പ്രതിസന്ധി ഒഴിവാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഊര്‍ജമന്ത്രാലയം. 

പ്രതിസന്ധി തുടരുകയാണെങ്കില്‍, വൈദ്യുതിയുടെ വില വര്‍ദ്ധിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകും. ഇന്ധനം മുതല്‍ ഭക്ഷണപദാർഥങ്ങള്‍ വരെ എല്ലാറ്റിനും വില വര്‍ദ്ധനവുണ്ടാകും.

ക്ഷാമം കേരളത്തെ എങ്ങനെ ബാധിക്കും?

കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് കേരളത്തിന്റെ വൈദ്യുതി വിഹിതത്തില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ട്. കേന്ദ്രവിഹിതത്തില്‍ 500 മെഗാവാട്ടിന്റെയും ദീര്‍ഘകാല കരാറുള്ള സ്വകാര്യ നിലയങ്ങളില്‍നിന്ന് 400 മെഗാവാട്ടിന്റെയും. പവര്‍ എക്‌സ്ചേഞ്ചില്‍നിന്നു വൈദ്യുതി വാങ്ങിയാണ് ക്ഷാമം കേരളം മറികടക്കുന്നത്. കല്‍ക്കരി ക്ഷാമം രൂക്ഷമായാല്‍ ലോഡ്ഷെഡ്ഡിങ്ങിനെക്കുറിച്ച് ആലോചിക്കേണ്ടിവരും.

സ്വകാര്യ വൈദ്യുതി നിലയങ്ങളില്‍നിന്ന് ദീര്‍ഘകാല കരാര്‍ വഴി ലഭിക്കുന്നത് 1,150 മെഗാവാട്ട്

കേന്ദ്രവിഹിതം- 1,654 മെഗാവാട്ട്

ജലവൈദ്യുതി- 2,200 മെഗാവാട്ട്

പകല്‍- 2,800 മെഗാവാട്ട്

രാത്രി- 3,600 മുതല്‍3,800 വരെ

content highlights: huge crisis awaits india as coal reserves starts to run out