രാജാ പട്ടേരിയ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധനചെയ്യുന്നു | screengrab
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് രാജാ പട്ടേരിയ നടത്തിയ പ്രസംഗം വന്‍ വിവാദമായി. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ പ്രധാനമന്ത്രി മോദിയെ കൊല്ലണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തിലായിരുന്നു വിവാദ പ്രസംഗം. കൊല്ലുക എന്നുവച്ചാല്‍ തോല്‍പ്പിക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഉടന്‍തന്നെ അദ്ദേഹം വിശദീകരിച്ചുവെങ്കിലും വിവാദം കെട്ടടങ്ങിയില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതിനിടെ മധ്യപ്രദേശിലെ മുന്‍ മന്ത്രികൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നടത്തിയ വിവാദപരാമര്‍ശം കോണ്‍ഗ്രസിന് വലിയ തലവേദനയായി. പട്ടേരിയക്കെതിരെ കേസെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭാരത് ജോഡോ യാത്ര നടത്തുന്നവരുടെ യഥാര്‍ഥ മുഖം വെളിപ്പെട്ടുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ ആരോപിച്ചു. 'ജനഹൃദയങ്ങളിലാണ് പ്രധാനമന്ത്രി മോദി ജീവിക്കുന്നത്. ഭരണത്തിന്റെയും കേന്ദ്രബിന്ദുവായ അദ്ദേഹത്തെ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ പ്രധാനമന്ത്രി മോദിയെ നേരിടാനുള്ള കരുത്ത് കോണ്‍ഗ്രസുകാര്‍ക്കില്ല. അദ്ദേഹത്തെ കൊലപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാവിന് പറയേണ്ടിവന്നത് അസൂയകൊണ്ടാണ്. വെറുപ്പാണ് പരാമര്‍ശത്തിന് പിന്നില്‍. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. നിയമം അതിന്റെ വഴിക്കുനീങ്ങും' - ചൗഹാന്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും രംഗത്തെത്തി. കോണ്‍ഗ്രസ് ഇപ്പോള്‍ മഹാത്മാഗാന്ധിയുള്ള കോണ്‍ഗ്രസല്ല എന്നാണ് മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇറ്റലിയിലെ കോണ്‍ഗ്രസാണ് ഇന്നത്തേത്. മുസോളിനിയുടെ മാനസികാവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസുകാര്‍ക്കുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
പൊറുക്കാനാകാത്ത കുറ്റകൃത്യമാണ് കോണ്‍ഗ്രസ് നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി അഭിപ്രായപ്പെട്ടു. തന്റെ മാനസികനില ശരിയല്ലെന്ന് രാജാ പട്ടേരിയതന്നെ പറഞ്ഞാലും അദ്ദേഹത്തിന് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മധ്യപ്രദേശ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസംഗത്തിലെ വിവാദ പരാമര്‍ശം ഇങ്ങനെ
''മോദി തെരഞ്ഞെടുപ്പുകള്‍ അവസാനിപ്പിക്കും. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത് വിഭാഗക്കാരുടെയും ഗോത്രവര്‍ഗ വിഭാഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാകും. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറായിക്കോളൂ''. ഇതേപ്രസംഗത്തില്‍തന്നെ വിവാദപരാമര്‍ശത്തെ ന്യായീകരിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നേതാവ് നടത്തുന്നുണ്ട്. ''കൊല്ലണം എന്നതുകൊണ്ട് പരാജയപ്പെടുത്തണം എന്നാണ് താന്‍ ഉദ്ദേശിച്ചത്. അക്രമരാഹിത്യം എന്ന മഹാത്മാഗാന്ധിയുടെ ആശയത്തെ പിന്തുടരുന്ന ആളാണ് താന്‍. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് മോദി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്നാണ് ഉദ്ദേശിച്ചത്' - അദ്ദേഹം വിശദീകരിച്ചു.
Content Highlights: raja pateria contraversial remark pm narendra modi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..